ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയുമായി ഘോഷയാത്ര ഇന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 26-ന് ഉച്ചയ്‌ക്കാണ് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും. രാവിലെ ഏഴ് വരെ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ തങ്കയങ്കി ദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ വിശ്രമിക്കും.
കോഴഞ്ചേരി, പാമ്പാടിമൺ അയ്യപ്പക്ഷേത്രം, ഇലന്തൂർ ഭഗവതികുന്ന ദേവീക്ഷേത്രം, മഹാഗണപതി ക്ഷേത്രം വഴി ശ്രീനാരായണമംഗലം ധർമശാസ്താ ക്ഷേത്രത്തിൽ എത്തും. ഇവിടെ നിന്ന് അയത്തിൽ, മെഴുവേലി, ഇലവുംതിട്ട, പ്രക്കാനം വഴി ചീക്കനാൽ എത്തും. ഇവിടെ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഓമല്ലൂർ ക്ഷേത്രത്തിലെത്തുക.
പിറ്റേന്ന് രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലാണ് ഘോഷയാത്രയുടെ രാത്രി വിശ്രമം. 24-ന് പെരുനാട് ധർമ്മശാസ്താ ക്ഷേത്രത്തിലെത്തും. ഇവിടെയാകും അന്നത്തെ രാത്രി വിശ്രമം. 25-ന് രാവിലെ എട്ട് മണിക്ക് പെരുനാട് ശാസ്താക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര രാവിലെ 11 മണിയോടെ നിലയ്‌ക്കൽ ക്ഷേത്രത്തിൽ എത്തിച്ചേരും. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ഘോഷയാത്ര പമ്പയിൽ എത്തും.
പമ്പയിൽ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരും. ഇവിടെനിന്ന് ദേവസ്വം ബോർഡ് ഭാരവാഹികളും ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി 6.30-ന് ദീപാരാധന നടക്കും. 26-നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ.















