ആലപ്പുഴ: ജന്മനാ ദിവ്യാംഗനായ വിദ്യാർത്ഥിയെ പുതുലോകത്തേയ്‌ക്ക് കൈപിടിച്ചുയർത്തി മാവേലിക്കരയിലെ സേവാഭാരതി. ബിരുദധാരിയായ വിവേകിന് നൽകിയാണ് സേവാഭാരതി താങ്ങായി മാറിയത്. മാവേലിക്കര ഭാസ്കരസ്മൃതിയിൽ സംഘടിപ്പിച്ച ‘കനിവ് 2024’ വിവേകിനെ സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് സേവാഭാരതി കൈപിടിച്ചുയർത്തിയത്. ചടങ്ങിൽ നിർധനരായ ജനങ്ങൾക്ക് ധനസഹായം നൽകുകയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുകയും ചെയ്തു.
ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി പി. ശ്രീജിത്താണ് ജന്മനാ ഇരുകാലുകളുമില്ലാതെ ജനിച്ച വിവേകിന് കൃത്രിമ കാലുകൾ നൽകിയത്. സേവനരംഗത്ത് പതിനാലാം വർഷത്തേയ്‌ക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സേവാഭാരതി പരിപാടി സംഘടിപ്പിച്ചത്. മാവേലിക്കര എസ് കെ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. എസ് രവിശങ്കർ ‘കനിവ് 2024‘ ഉദ്ഘാടനം ചെയ്തു. സേവാഭാരതി മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് ആർ പി ബാലാജി അദ്ധ്യക്ഷനായ ചടങ്ങിൽ മാവേലിക്കര ഭദ്രാസനം വികാർ ജനറൽ ഫാ. ഡോ. സ്റ്റീഫൻ കുളത്തുംകരോട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
രാഷ്‌ട്രീയ സ്വയം സേവക സംഘം ദക്ഷിണ പ്രാന്ത ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി. ഉണ്ണികൃഷ്ണൻ സേവാസന്ദേശം നൽകി. ഇത്തവണ നൂറു പേരെ സഹായിച്ചു. അടുത്ത തവണ ആയിരം പേരെ സഹായിക്കുക എന്നതല്ലെന്നും അടുത്ത തവണ സഹായിക്കാൻ ഇനി ആരുമില്ലെന്ന അവസ്ഥ സമൂഹത്തിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സേവന പദ്ധതിയുടെ ഉദ്ഘാടനം പ്രൊഫ. കെ ചന്ദ്രശേഖരൻ നായർ നിർവഹിച്ചു. കലാസാംസ്‌കാരിക വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. നിർധനരായ ജനങ്ങൾക്ക് ധനസഹായം, സ്വയം തൊഴിൽ സഹായ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നടന്നു.
ചടങ്ങിൽ ജെ. നിസറുദ്ദീൻ, എൻ. പുഷ്പാകരൻ, ഡോ. ദയാൽകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എ. അനീഷ്, സെക്രട്ടറി ആർ. രാജേഷ്, യൂണിറ്റ് സെക്രട്ടറി കവിത ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ശശികുമാരൻ തമ്പി, ട്രഷറർ മധുസൂധനൻ പിള്ള, സേവാഭാരതി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ, യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.