തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ പോസ്‌ററുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ വീഴ്ചയുടെ ആഘാതത്തിൽ ഇടുപ്പിനും തുടയ്‌ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതും മരണത്തിലേക്ക് വഴിവച്ചു. തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിൽ രക്തം വാർന്നിരുന്നു.
ഇടുപ്പെല്ല് പൊട്ടുകയും രക്തം വാർന്നുപോയതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വലത്തെ ശ്വാസകോശത്തിൽ ചതവുണ്ടായിട്ടുണ്ട്. തലച്ചോറിന് പരിക്കേറ്റിരുന്നു. ഏറെ നേരം ഭക്ഷണം കഴിച്ചിരുന്നില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആമാശയത്തിലുണ്ടായിരുന്നത് 50 മില്ലി വെള്ളം മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നവംബർ 15-നാണ് അമ്മു ചുട്ടിപ്പാറ എസ്എംഇ കോളേജിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മൂന്ന് വിദ്യാർത്ഥിനികൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നു. അമ്മുവിനെ വിദ്യാർത്ഥിനികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
നിസാരമായി പരിഹരിക്കാവുന്ന വിഷയംകോളേജ് അധികൃതർ വലുതാക്കിയെന്നും മാതാപിതാക്കൾ മൊഴി നൽകിയിരുന്നു. കോളേജ് പ്രിൻസിപ്പലും വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. ഇതേത്തുടർന്ന് കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
കോളേജിലെ സൈക്യാട്രി വിഭാഗം അദ്ധ്യാപകനെതിരെയും അമ്മുവിന്റെ പിതാവ് പരാതി നൽകിയിട്ടുണ്ട്. മരിക്കുന്നതിന് മുൻപായി കൗൺസിലിങ് എന്ന പേരിൽ സഹപാഠികളായ വിദ്യാർത്ഥിനികൾക്കൊപ്പം ഇയാൾ അമ്മുവിനെ മണിക്കൂറുകളോളം വിളിച്ചിരുത്തി അവഹേളിച്ചതായിട്ടാണ് പരാതി. ഇയാൾക്കെതിരെയും മരണത്തിന് ഉത്തരവാദികളായ കോളേജിലെ മറ്റ് ജീവനക്കാർക്കെതിരെയും കേസെടുക്കണമെന്ന് എബിവിപി ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധം ശക്തമായതോടെ എസ്എംഇ സ്‌കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റുക മാത്രമാണ് സർക്കാർ സ്വീകരിച്ച നടപടി. അമ്മു ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വെളിപ്പെടുത്തൽ അത്രത്തോളം കുട്ടി മാനസീക സമ്മർദ്ദത്തിലായിരുന്നുവെന്ന സൂചനയാണ് നൽകുന്നത്.