ഗുവാഹത്തി : അസം പൊലീസ് പശ്ചിമ ബംഗാളിലെയും കേരളത്തിലെയും പൊലീസുമായി സഹകരിച്ച് എട്ട് ജിഹാദി ഭീകരരെ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എട്ടു തീവ്രവാദികളെയും ചോദ്യം ചെയ്തപ്പോഴാണ് വിലപ്പെട്ട വിവരങ്ങൾ ലഭിച്ചത്
സിലിഗുരി ഇടനാഴിയെ അസ്ഥിരപ്പെടുത്തി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വടക്കുകിഴക്കൻ ഇന്ത്യയെ വെട്ടിമുറിക്കാൻ ശ്രമിക്കുകയായിരുന്നു ഈ സംഘം എന്ന് പൊലീസ് കണ്ടെത്തി .
ബംഗ്ലാദേശ് ആസ്ഥാനമായുള്ള ജിഹാദി ഭീകര സംഘടനയായ അൻസാറുളള ബംഗ്ലാ ടീമുമായി (എബിടി) ബന്ധമുള്ള എട്ട് പേരെ അസം, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ പ്രഗട്ട്’ എന്ന പേരിൽ നടത്തിയ നീക്കത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
വടക്ക് കിഴക്കൻ ഇന്ത്യയെ രാജ്യത്തിന്റെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ പ്രദേശമായ ചിക്കൻ നെക്ക് എന്ന് വിളിക്കുന്ന സിലിഗുരി ഇടനാഴി ലക്ഷ്യമിട്ടുള്ള അൻസാറുളള ബംഗ്ലാ – എബിടി സ്ലീപ്പർ സെല്ലിന്റെ സൂത്രധാരൻ കേരളത്തിൽ നിന്ന് അറസ്റ്റിലായ ബംഗ്ലാദേശിൽ നിന്നുള്ള സാദ് റാഡി എന്ന ഷാബ് ഷേയ്ഖ് എന്നയാളാണ്. ശനിയാഴ്ച പശ്ചിമ ബംഗാൾ എസ്ടിഎഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പിടിയിലായവർ പശ്ചിമ ബംഗാളിൽ പ്രദേശവാസികളെ റിക്രൂട്ട് ചെയ്ത് സ്ലീപ്പർ സെല്ലുകൾ സ്ഥാപിക്കുകയാണെന്നും പശ്ചിമ ബംഗാൾ എ ഡി ജിപി സുപ്രതിം സർക്കാർ പറഞ്ഞു. ഫർഹാൻ എന്ന് വിളിക്കപ്പെടുന്ന വ്യക്തിയാണ് സ്ലീപ്പർ സെല്ലിന്റെ തലവൻ. അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്ലാമിന്റെ പേരിൽ ആയുധമെടുക്കാനും മതതീവ്രവാദം പ്രചരിപ്പിക്കാനും വേണ്ടിയുള്ള “ഖുത് ബാത്തുൽ ഇസ്ലാം” എന്ന പുസ്തകം ഇവർ വ്യാപകമായി പ്രചരിപ്പിച്ചു.ബംഗ്ലാദേശിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇന്ത്യയിലെ മുസ്ലീങ്ങൾ ഭീഷണിയിലാണെന്ന് പറയുകയും അവരുടെ സംരക്ഷണത്തിനായി അക്രമാസക്തമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ പുസ്തകം ഉപയോഗിച്ച് മദ്രസ അധ്യാപകർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർഎസ്എസ്) അംഗങ്ങളെയും കാര്യകർത്താക്കളെയും മറ്റ് ഹിന്ദു സംഘടനകളെയും ലക്ഷ്യമിട്ട് ഈ ഭീകരസംഘടന ആക്രമണം നടത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് അറിയിച്ചു. അൻസാറുളള ബംഗ്ലാ ടീമിന്റെ തലവൻ ജാസിമുദ്ദീൻ റഹ്മാനിയുടെ അടുത്ത അനുയായിയായ എംഡി ഫർഹാൻ ഇസ്രാക്കിന്റെ നിർദേശപ്രകാരമാണ് മൊഡ്യൂൾ പ്രവർത്തിച്ചിരുന്നത്. അൻസാറുളള ബംഗ്ലാ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദയുടെ ഒരു അഫിലിയേറ്റ് സംഘടനയാണ്, അവരുടെ നിരവധി പ്രവർത്തകർ കഴിഞ്ഞമാസങ്ങളിൽ അസമിൽ അറസ്റ്റിലായിട്ടുണ്ട്.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം എബിടി തലവൻ ജാസിമുദ്ദീൻ റഹ്മാനിയെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചു. അതോടെ ഈ ജിഹാദി തീവ്രവാദ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ത്വരിതഗതിയിലായി. ജാസിമുദ്ദീൻ റഹ്മാനിയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷനായി തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനായി സദ് റാഡി ഇന്ത്യയിലേക്ക് കടന്നു. നവംബറിൽ മുർഷിദാബാദ് വഴിയാണ് ഇയാൾ ഇന്ത്യയിൽ പ്രവേശിച്ചതെന്നാണ് റിപ്പോർട്ട്. റാഡി തന്റെ റിക്രൂട്ട്‌മെൻ്റ് നീക്കത്തിനിടെ പശ്ചിമ ബംഗാൾ, അസം, കേരളം എന്നിവിടങ്ങൾ സന്ദർശിച്ചതായി പോലീസ് പറഞ്ഞു. ബംഗ്ലാദേശ് പൗരനായ ഷാബ് ഷെയ്ഖ് (32) ആണ് കാഞ്ഞങ്ങാട് നിന്ന് പിടിയിലായത്. ഇവിടെ ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ച് പെയിന്റിംഗ്, കോൺക്രീറ്റ് ജോലികൾ ചെയ്തുവരികയായിരുന്നു ഇയാൾ. അമ്മ ബംഗ്ലാദേശ് പൗരയും പിതാവ് പശ്ചിമബംഗാൾ സ്വദേശിയുമാണെന്ന് ആയിരുന്നു ഇയാളുടെ വാദം. ഫർഹാൻ ഇസ്രാക്ക് ബംഗ്ലാദേശിൽ നിന്നുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയായിരുന്നു.
ബംഗ്ലാദേശ് സ്വദേശി സദ് റാഡി കേരളത്തിൽ പിടിയിലായപ്പോൾ ബാക്കിയുള്ളവർ അസമിലും പശ്ചിമ ബംഗാളിലും പിടിയിലായി. തീവ്രവാദികളിൽ മിനറുൾ ഷെയ്ഖ്, എംഡി അബ്ബാസ് അലി, നൂർ ഇസ്ലാം മണ്ഡൽ, അബ്ദുൾ കരീം മണ്ഡൽ, മോജിബർ റഹ്മാൻ, ഹമീദുൽ ഇസ്ലാം, ഇനാമുൽ ഹോക്ക് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ഈ ശൃംഖല ലക്ഷ്യമിട്ട പ്രധാന നഗരങ്ങളിൽ ദുബ്രി, ഗ്വാൽപാറ, അസമിലെ ഗുവാഹത്തി, പശ്ചിമ ബംഗാളിലെ മാൾഡ, മുർഷിദാബാദ്, കൊൽക്കത്ത എന്നിവ ഉൾപ്പെടുന്നു. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് ഭീകരത പടരുന്നത് തടയാൻ ദൃഢനിശ്ചയത്തോടെ അധികാരികൾ ഓപ്പറേഷൻ പ്രഗട്ട് തുടരുന്നു.















