ന്യൂഡൽഹി: ‘ജാതി സെൻസസ്’ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രാഹുലിന് നോട്ടീസയച്ച് ഉത്തർപ്രദേശിലെ ബറെയ്‌ലി ജില്ലാ കോടതി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതി സെൻസസുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയതിനെതിരായ ഹർജിയിലാണ് നടപടി. ജനുവരി 7 ന് മുൻപ് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.
ജാതി സെൻസസ് സംബന്ധിച്ച രാഹുലിന്റെ പരാമർശങ്ങൾ രാജ്യത്തെ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ഹർജിക്കാരൻ പങ്കജ് പാഠക് ആരോപിച്ചു. എംപി-എംഎൽഎ കോടതിയിലാണ് പങ്കജ് ആദ്യഘട്ടത്തിൽ പരാതി നൽകിയത്. എന്നാൽ ഹർജി തള്ളിയതിനെത്തുടർന്ന് ജില്ലാകോടതിയെ സമീപിക്കുകയായിരുന്നു. ഹർജി സ്വീകരിച്ച കോടതി ആരോപണവിധേയനായ രാഹുലിന് നോട്ടീസയക്കുകയായിരുന്നു.
അധികാരത്തിൽ വന്നാൽ ആദ്യം ജാതി സെൻസസും പിന്നീട് സാമ്പത്തിക സർവേയും നടത്തുമെന്നും ഇന്ത്യയുടെ സമ്പത്ത് ജനസംഖ്യയെ അടിസ്ഥാനമാക്കി വിതരണം ചെയ്യുമെന്നായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. ” ആദ്യം ഞങ്ങൾ ഒരു ജാതി സെൻസസ് നടത്തും. പിന്നാക്ക ജാതികൾ, പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷങ്ങൾ, മറ്റ് ജാതികൾ എന്നിവരുടെ കൃത്യമായ ജനസംഖ്യ അറിയും. അതിനുശേഷം സാമ്പത്തിക സർവ്വേ ആരംഭിക്കും. തുടർന്ന് ഞങ്ങൾ അത് ഏറ്റെടുക്കും. ഇന്ത്യയുടെ സമ്പത്തും തൊഴിലവസരങ്ങളും മറ്റ് ക്ഷേമപദ്ധതികളും ഈ വിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യയെ അടിസ്ഥാനമാക്കി വിതരണം ചെയ്യാനുള്ള ചരിത്രപരമായ നിയമം കൊണ്ടുവരും,” എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.