മെൽബൺ ഗ്രൗണ്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ ഹിന്ദിയിൽ മറുപടി നൽകിയതിന് ഇന്ത്യൻ താരം രവീന്ദ്ര ജഡേജയ്‌ക്കെതിരെ വിമർശനവുമായി ഓസ്ട്രേലിയൻ മാദ്ധ്യമപ്രവർത്തകർ രംഗത്തുവന്നിരുന്നു. കുറച്ച് ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷം ജഡേജ പോവുകയായിരുന്നു. സഹതാരങ്ങൾ പരിശീലനത്തിന് ശേഷം ഹോട്ടലിലേക്ക് മടങ്ങാൻ ബസിൽ കാത്തിരിക്കുകയായിരുന്നു. ഇതോടെയാണ് താരം തിടുക്കപ്പെട്ട് മടങ്ങിയത്.
ഇതാണ് ഓസ്ട്രേലിയൻ മാദ്ധ്യമങ്ങളെ ചൊടിപ്പിച്ചത്. ജഡജേ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് ആരോപിച്ച് ഇന്ത്യയുടെ മീഡിയ മാനേജരോട് അവർ തട്ടിക്കയറുകയും കയർത്ത് സംസാരിക്കുകയും ചെയ്തു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജഡേജയ്‌ക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനും രംഗത്തുവന്നു. ഒരു താരത്തിന് ഹിന്ദി സംസാരിക്കണമെങ്കിൽ അതിൽ, എന്താണ് തെറ്റ്—എന്നായിരുന്നു പഠാന്റെ ചോദ്യം. അതേസമയം ഓസ്ട്രേലിയൻ മാദ്ധ്യമപ്രവർത്തകരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരും പരാതിപ്പെട്ടു.