തിയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ വെല്ലും സംഘട്ടനങ്ങൾ നിങ്ങളുടെ മുന്നിൽ അരങ്ങേറിയാൽ എന്ത് ചെയ്യും? തിയേറ്ററിൽ വച്ച് കൊടും കുറ്റവാളിയെ അതിസാഹസികമായി പൊലീസ് കീഴ്‌പ്പെടുത്തിയ വാർത്തയാണ് ഇപ്പോൾ നാഗ്പൂരിൽ നിന്നും വരുന്നത്.
അല്ലു അർജുന്റെ പുഷ്പ 2 സിനിമ പ്രദർപ്പിക്കുന്നതിനിടെയാണ് സംഭവം. അർദ്ധരാത്രിയിലെ ഷോയ്‌ക്കിടെയാണ് തിയേറ്ററിലേക്ക് പൊലീസെത്തുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിശാൽ മെഷ്‌റാമിനെ പിടികൂടാനായിരുന്നു പൊലീസെത്തിയത്. ഇതോടെ തിയേറ്ററിൽ അല്ലു അർജുൻ ആരാധകരുടെ മുന്നിൽ വച്ച് സിനിമയെ വെല്ലുന്ന സംഘട്ടനങ്ങളായിരുന്നു അരങ്ങേറിയത്.
രണ്ട് കൊലപാതക കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണ് മെഷ്‌റാം. ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ 27 കേസുകളാണുള്ളത്. 10 മാസമായി ഒളിവിൽ കഴിയുകയായിരുന്നു മെഷ്‌റാം. പുതുതായി ഇറങ്ങുന്ന സിനിമകൾ കാണാൻ ഇയാൾ തിയേറ്ററിലെത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുഷ്പ 2 കാണാനും പ്രതി എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
ഇതോടെ തിയേറ്ററിലെത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ക്ലൈമാക്‌സിൽ നിർത്തിവച്ച സിനിമ, ആരാധകർക്ക് തുടർന്ന് കാണാനുള്ള അവസരവും പൊലീസ് ചെയ്തു നൽകി. മെഷ്‌റാമിനെ വൈകാതെ നാസിക്കിലെ ജയിലേക്ക് മാറ്റുമെന്ന് സപൊലീസ് പറഞ്ഞു.