ലഡു, ജിലേബി, ഗുലാബ് ജാമുൻ, ഹൽവ ഇതൊക്കെ കേൾക്കുമ്പോൾ തന്നെ വായയിൽ വെള്ളമൂറുന്നവരായിരിക്കും നമ്മിൽ പലരും. മധുരം അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി കൂടുമ്പോൾ പണി കിട്ടാനുള്ള സാധ്യതകളും കൂടുതലാണ്. മധുരത്തിനോടുള്ള ആസക്തി വർദ്ധിച്ചെന്ന് എങ്ങനെ മനസിലാക്കാം? ഇനി പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിച്ചോളൂ..
ക്ഷീണം
പകൽ സമയങ്ങളിൽ ഊർജ്ജമില്ലായ്മയും ക്ഷീണവും ശരീരത്തിന് അനുഭവപ്പെടുന്നുണ്ടെങ്കിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് മൂലമായിരിക്കാം. ക്ഷീണം, തളർച്ച, ഇടയ്‌ക്കിടെ വിയർക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. അമിതമായി മധുരം കഴിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ പ്രമേഹം വരാനുള്ള സാധ്യതകളും ഏറെയാണ്.
ഇടയ്‌ക്കിടെ മധുരം കഴിക്കണമെന്ന തോന്നൽ
ഇടയ്‌ക്കിടെ മധുരം കഴിക്കണമെന്ന തോന്നൽ നിങ്ങളുടെ മനസിലേക്ക് വരികയാണെങ്കിൽ നിങ്ങളുടെ ശരീരം മധുരത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കണം. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കൃത്യമായി ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. മധുര പലഹാരങ്ങൾ കുറച്ച് ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഇലക്കറികൾ പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാവുന്നതാണ്.
അമിത ഭാരം
മധുരം അമിതമായി കഴിക്കുന്ന വ്യക്തികൾക്ക് പൊണ്ണത്തടി വരാനുള്ള സാധ്യതകളും ഏറെയാണ്. കലോറി കൂടുതലായ ഭക്ഷണങ്ങളാണിവ. ഇത് കൊഴുപ്പ് അടിയാൻ കാരണമാകുന്നു. അമിതമായി മധുരം കഴിക്കുമ്പോൾ ചീത്ത കൊളസ്‌ട്രോളാണ് ശരീരത്തിലെത്തുന്നത്. ഇത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴിവച്ചേക്കാം..
മൂഡ് സ്വിംഗ്‌സ്
അമിതമായി മധുരം കഴിക്കുന്നത് ഹോർമോൺ വ്യതിയാനത്തിന് കാരണമാകുന്നു. ഇത് ഇടയ്‌ക്കിടെയുള്ള മൂഡ് സ്വിംഗിന് കാരണമാകുന്നു. നിസാര കാര്യങ്ങളിൽ പോലും ഉത്കണ്ഠ, ദേഷ്യം, വിഷമം എന്നിവ അനുഭവപ്പെട്ടേക്കാം..
പല്ലുവേദന
മധുരം അമിതമായി കഴിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും അനുഭവിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് പല്ലുവേദന. മോണരോഗം, വായ്‌നാറ്റം തുടങ്ങിയ പ്രശ്‌നങ്ങളിലേക്കും ഇത് വഴിവയ്‌ക്കുന്നു. മോണകളിൽ ബാക്ടീരിയകൾ വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്.















