തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രാകാശിന്റെ സുഹൃത്തും ഗുണ്ടയുമായ നിധിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ഇന്നലെ രാത്രി കഴക്കൂട്ടത്തിലായിരുന്നു അപകടം. തിരുവനന്തപുരത്തെ ബാറിൽ നടന്ന ഏറ്റുമുട്ടലിലെ കൂട്ടുപ്രതി കൂടിയാണ് ഇയാൾ.
കഴക്കൂട്ടത്തെ ഡിജെ പാർട്ടി കഴിഞ്ഞ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. സീരിയൽ സംവിധായകൻ അനീഷാണ് കാർ ഓടിച്ചിരുന്നത്. മദ്യപിച്ചായിരുന്നു ഇയാൾ വാഹനം ഓടിച്ചിരുന്നത്. അനീഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
എയർപോർട്ട് സാജനും ഇയാളുടെ മകനായ ഡാനിയും നടത്തിയ പാർട്ടിക്കിടെ ഓം പ്രകാശും കൂട്ടരുമെത്തിയതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഇതിന് പിന്നാലെ വിദേശത്തേക്ക് കടന്നുകളഞ്ഞ നിധിൻ കഴിഞ്ഞ ദിവസമാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകാനിരിക്കെയാണ് അപകടം. നിധിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഓം പ്രകാശിനെയും എയർപോർട്ട് സാജനെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കഴക്കൂട്ടത്തെ ഫ്‌ളാറ്റിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഓം പ്രകാശിനെ പൊലീസ് പിടികൂടിയത്. ഇയാളുൾപ്പെടെ 12 പേർ പിടിയിലായിരുന്നു.















