ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനൊപ്പം രാജ്യത്തിനായി സേവനമനുഷ്ഠിച്ച് വിരമിച്ച നായകൾക്ക് ഇനി പുതിയ ദൗത്യം. ദിവ്യാംഗരായ കുട്ടികൾക്കും പൗരന്മാർക്കും വേണ്ടിയുള്ള ആശാ സ്കൂൾ നായകളെ ദത്തെടുത്തു. സൈന്യത്തിൽ നിന്ന് വിരമിച്ച 12 നായകളെയാണ് മൗണ്ട് വെറ്ററിനറി കോർപ്സ് സ്കൂൾ അധികൃതർക്ക് കൈമാറിയത്.
സൈന്യത്തിന്റെ പ്രത്യേക പരിശീലനം ലഭിച്ച നായകളാണിവ. സ്‌ഫോടക വസ്തുക്കളും മൈനുകളും കണ്ടെത്തൽ, മഞ്ഞുവീഴ്ചയ്‌ക്കിടെയുള്ള രക്ഷാപ്രവർത്തനങ്ങൾ, തിരച്ചിൽ, രക്ഷാദൗത്യങ്ങൾ, ട്രാക്കിംഗ്, കാവൽ എന്നിങ്ങനെ നിരവധി ദൗത്യങ്ങളിൽ സൈന്യത്തിന് മുതൽക്കൂട്ടായി പ്രവർത്തിച്ച ധീര ശ്വാനന്മാരാണ് ഇവർ.
246-ാമത് റിമൗണ്ട് വെറ്ററിനറി കോർപ്സ് (RVC) ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സൈന്യം നായ്‌ക്കളെ അവയുടെ പുതിയ ഉടമകൾക്ക് കൈമാറി. വൃദ്ധർക്കും കുട്ടികൾക്കും സ്നേഹവും വിശ്വാസവും അനുകമ്പയുമുള്ള ഒരു കൂട്ടാളിയെ നൽകുകയാണ് ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള സ്കൂളിലെ കുട്ടികൾക്ക് പൊതുവെ ശാന്ത സ്വഭാവക്കാരായ നായകളുടെ സാന്നിധ്യം പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.















