ന്യൂഡൽഹി: കുവൈത്തുമായി നാല് ഉഭയകക്ഷി കരാറുകളിൽ ഒപ്പുവച്ചതായി അറിയിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തിയതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. പ്രതിരോധ സഹകരണം, 2025 മുതൽ 2029 വരെ സാംസ്കാരിക കൈമാറ്റം, 2025 മുതൽ 2028 വരെ കായിക സഹകരണം, രാജ്യാന്തര സോളാർ സഖ്യത്തിൽ ഉൾപ്പെടുത്തൽ തുടങ്ങിയ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന കുവൈത്ത് സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയായിരുന്നു.
കുവൈത്തിലെ പ്രധാനപ്പെട്ട എല്ലാ നേതാക്കളുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാ, കുവൈത്ത് കിരീടാവകാശി സബാ അൽഖലേദ് അൽ-ഹമദ് അൽ-മുബാറക് അൽ സബാ, കുവൈത്ത് അമീർ ഷെയ്ഖ് മേഷാൽ അൽ-അഹമ്മദ് അൽ ജാബർ അൽ-സബ എന്നിവരെ നേരിൽ കാണുകയും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തു.
ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ നടത്തിയ പ്രതിനിധി തല ചർച്ചയിൽ വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പ്രതിരോധ വ്യവസായം, പ്രതിരോധ ഉപകരണങ്ങളുടെ വിതരണം, സംയുക്ത അഭ്യാസങ്ങൾ, പരിശീലനം, പ്രതിരോധ ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, പ്രതിരോധ മേഖലയിൽ ഗവേഷണ വികസന സഹകരണം തുടങ്ങിയ കാര്യങ്ങളിൽ സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്.
കുവൈത്ത് പ്രധാനമന്ത്രിയെ നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്തു.













