ചെന്നൈ: ടാറ്റയുടെ മുൻ അമരക്കാരൻ രത്തൻ ടാറ്റയുടെ രൂപം ഐസ് കേക്കിൽ നിർമിച്ച് ബേക്കറിയുടെ ആദരം. രത്തൻ ടാറ്റയുടെയും വളർത്തുനായ ടിറ്റോയുടേയും രൂപമാണ് കേക്കിൽ നിർമിച്ചത്. തമിഴ്നാട്ടിലെ രാമനാഥപുരത്തുള്ള ഐശ്വര്യ ബേക്കറീസാണ് സവിശേഷമായ ഈ കേക്കിന് പിന്നിൽ.
60 കിലോഗ്രാം പഞ്ചസാര, 250 മുട്ടകൾ എന്നിവ ഉപയോഗിച്ചാണ് ഏഴടി നീളമുള്ള കേക്ക് തയ്യാറാക്കിയതെന്ന് ബാക്കറി ഉടമ അറിയിച്ചു. ബേക്കറിയുടെ മുൻവശത്ത് ചില്ലുകൂട്ടിൽ കേക്ക് പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളും കുട്ടികളുമടക്കം പ്രതിദിനം നിരവധി പേരാണ് ഈ കേക്ക് കാണാൻ ഇവിടേക്ക് ഒഴുകിയെത്തുന്നത്.
എല്ലാവർഷവും ക്രിസ്മസാകുമ്പോൾ ആദരണീയരായ വ്യക്തിത്വങ്ങളുടെ രൂപങ്ങൾ ഐസ് കേക്കിൽ നിർമിക്കുന്നത് ഐശ്വര്യ ബേക്കറിയിൽ പതിവാണ്. ഫുട്ബോൾ ഇതിഹാസം മറഡോണ, മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാം, സംഗീതജ്ഞൻ ഇളയരാജ എന്നിവരുടെ രൂപങ്ങൾ കേക്കിൽ തീർത്ത് നേരത്തെയും ഐശ്വര്യ ബേക്കറി വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇത്തവണ രത്തൻ ടാറ്റയേയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളർത്തുനായ ടിറ്റോയേയും കേക്കിൽ നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു ഐശ്വര്യ ബേക്കറീസ്. രത്തൻ ടാറ്റ നമ്മെ വിട്ടുപോയെങ്കിലും അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും ഓരോ ഇന്ത്യക്കാരുടെയും ഉള്ളിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണെന്ന് ബേക്കറി ഉടമ പ്രതികരിച്ചു.