തിരുവനന്തപുരം: ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന വയലൻസുമായി മലയാളികൾക്ക് പുതിയ ദൃശ്യവിരുന്നൊരുക്കിയ നടൻ ഉണ്ണിമുകുന്ദനെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനയൻ, ഉണ്ണി മുകുന്ദന്റെ പരിശ്രമത്തെ അഭിനന്ദിച്ചത്. മാർക്കോ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് മൂവിയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്.
അർപ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും
എന്നതിന്റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയമെന്ന് വിനയൻ കുറിച്ചു. ഒരു സിനിമയുടെ തുടക്കം മുതൽ…. അത് തിയറ്ററിൽ എത്തിക്കഴിഞ്ഞും.. ഒരു സംവിധായകനേക്കാളും നിർമ്മതാവിനെക്കാളും ആത്മാർത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷൻ കൊടുക്കുവാനും ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടൻമാർക്കും അനുകരണീയമാണെന്ന് വിനയൻ ചൂണ്ടിക്കാട്ടി.
നിതാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം.. ഒരു പാൻ ഇന്ത്യൻ താരം ഉദിക്കട്ടെയെന്ന ആശംസകളോടെയാണ് വിനയൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മാർക്കോ തിയറ്ററിലെത്തിയത്. വയലൻസ് കൂടുതലായതിനാൽ സെൻസർ ബോർഡിന്റെ എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം തിയറ്ററിലെത്തിയത്. എന്നാൽ ആദ്യ ഷോ മുതൽ സിനിമയെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഹോളിവുഡ്ഡ് സിനിമകളിലെ വയലൻസ് ആസ്വദിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്ന മലയാളിക്ക് നമ്മുടെ ഭാഷയിൽ അത്തരമൊരു ചിത്രം ഇറങ്ങുമ്പോൾ അഭിമാനിക്കാവുന്നതാണെന്ന പ്രതികരണമാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും നൽകിയത്.
മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്നാണ് അണിയറ പ്രവർത്തകർ ആദ്യം മുതൽ ചിത്രത്തെ വിശേഷിപ്പിച്ചത്. 100 ദിവസം നിണ്ടുനിന്ന ചിത്രീകരണത്തിൽ 60 ദിവസവും ആക്ഷൻ രംഗങ്ങളായിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയാണ് ‘മാർക്കോ’.
ഹനീഫ് അദെനിയാണ് ചിത്രം സംവിധാനം ചെയ്തത്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമ്മിച്ചത്. പ്രശസ്ത ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ചിത്രങ്ങളുടെ തിയറ്റർ കളക്ഷനിലും മാർക്കോ മുന്നിലെത്തുമെന്നാണ് വിലയിരുത്തൽ.