തൃശൂർ: പ്രിയങ്കയുടെ മാത്രമല്ല, എ വിജയരാഘവന്റെ മുന്നിലും പിന്നിലും ഉളളത് വർഗീയ ശക്തികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിഡിപിയുമായും വെൽഫെയർ പാർട്ടിയുമായും വിജയരാഘവന്റെ പാർട്ടി സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. പിഎഫ്‌ഐ അണികളെ കൂടെ നിർത്താൻ ഡിവൈഎഫ്‌ഐയും മുസ്ലീംലീഗും മത്സരിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ വാർത്താസമ്മേളനത്തിലായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
രാഹുലിന്റെയും പ്രിയങ്കയുടെയും വിജയം വർഗീയ ചേരിയുടെ കൂട്ടുപിടിച്ചാണെന്ന് ആയിരുന്നു എ. വിജയരാഘവൻ സിപിഎം വയനാട് ജില്ലാ സമ്മേളനത്തിൽ പറഞ്ഞത്. കോൺഗ്രസ്, ലീഗ് നേതാക്കൾ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഓരോ തെരഞ്ഞെടുപ്പിലും മാറി മാറി എൽഡിഎഫും യുഡിഎഫും അവരുടെ സൗകര്യമനുസരിച്ച് വർഗീയ ശക്തികളുമായി ചേർന്ന് പ്രചാരണം നടത്തുന്നതാണ് കണ്ടുവരുന്നതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
പ്രിയങ്കയുടെ മുന്നിലും പിന്നിലും വർഗീയ ശക്തികളാണെന്നത് ഒരു പുതിയ കാര്യമല്ല. എന്താണ് വിജയരാഘവന് ഇക്കാര്യത്തിൽ ഇപ്പോൾ ഒരു വെളിപാട് തോന്നാൻ കാരണമെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു. രണ്ട് മുന്നണികളും കേരളത്തിൽ വർഗീയ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വർഗീയ ശക്തികളാണ് അവരുടെ ആകെയുളള കൈമുതൽ.
ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും പിഡിപിയുമായും വെൽഫെയർ പാർട്ടിയുമായും വിജയരാഘവന്റെ പാർട്ടിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നല്ലൊരു വോട്ട് വിഹിതം ഭൂരിപക്ഷ സമുദായത്തിൽ നിന്ന് സിപിഎമ്മിന് നഷ്ടമായി. അത് തിരിച്ചുപിടിക്കാൻ വേണ്ടിയാണ് വിജയരാഘവൻ ഇപ്പോൾ ഇങ്ങനൊരു വെടിപൊട്ടിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഞങ്ങൾ ഇപ്പോൾ കുറച്ച് മതനിരപേക്ഷത ചൂണ്ടിക്കാണിക്കുന്നുവെന്ന് പറയാൻ വേണ്ടി ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്, അതൊന്നും വിജയിക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കാനുളള കുറുക്കൻ തന്ത്രം മാത്രമാണിതെന്നും യഥാർത്ഥത്തിൽ ഒരു നിലപാടും അവർക്ക് ഇക്കാര്യത്തിൽ ഇല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.