കൊച്ചി: മുനമ്പത്ത് തങ്ങൾക്ക് വസ്തുക്കൾ ഒന്നും ഇല്ലെന്നും മേൽനോട്ട ചുമതലയാണുള്ളതെന്നും വഖ്ഫ് ബോർഡിന്റെ വിവരാവകാശ രേഖ. വഖ്ഫ് നിയമം നിലവിൽ വന്നത് 1954ൽ ആണ്. ബോർഡ് വന്നത് 1960ലും. ആ സമയത്ത് ബോർഡിന്റെ ഉടമസ്ഥതയിൽ വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നും മറുപടിയിൽ പറയുന്നു.
നവംബർ ഏഴിന് നൽകിയ അപേക്ഷയുടെ മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വഖ്ഫ് ബോർഡിന്റെ കൈവശം മുനമ്പത്ത് വസ്തുക്കളൊന്നും ഇല്ല. ഏതെങ്കിലും വഖ്ഫിന്റെ ഉടമസ്ഥതയിലുളള വസ്തുക്കൾ വഖ്ഫ് ബോർഡിന്റെ കൈവശത്തിലുളള വസ്തുക്കളാകുന്നില്ല. എന്നാൽ ഈ വസ്തുക്കളുടെ മേൽനോട്ടം വഖ്ഫ് നിയമപ്രകാരം വഖ്ഫ് ബോർഡിൽ നിക്ഷിപ്തമാണെന്നും മറുപടിയിൽ പറയുന്നു.
വഖ്ഫ് വസ്തുക്കളുടെ വിൽപ്പന നടത്താൻ ബോർഡിന് അനുമതിയുണ്ടായിരുന്നു. 2013 ലെ വഖ്ഫ് ഭേദഗതിനിയമ പ്രകാരമാണ് ഭൂമിവിൽപ്പനയ്‌ക്കുളള അധികാരവും ഇല്ലാതാക്കിയത്. എന്നാൽ അതിനുമുമ്പ് വിൽപ്പന നടത്തിയിട്ടുണ്ടെങ്കിൽ ആ ആധാരം നിലനിൽക്കുന്നതാണെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
മുനമ്പത്തെ ഭൂമി വഖഫ് ബോർഡിന്റേതാണെന്ന് മുസ്ലിംലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ ആവർത്തിക്കുമ്പോഴാണ് വഖ്ഫ് ബോർഡ് തന്നെ ഇത്തരത്തിൽ വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയത്. മുനമ്പത്തെ വസ്തുക്കൾ സംബന്ധിച്ച രേഖകളൊന്നും ബോർഡിന്റെ കൈവശം ഇല്ലെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്. മുനമ്പത്ത് ഭൂമി വഖ്ഫ് ബോർഡിന് നല്കുന്നതിനുള്ള എന്തെങ്കിലും രേഖകളും ഇല്ലെന്നാണ് മറുപടി.
സിദ്ദിഖ് സേട്ടിനും സത്താർ സേട്ടിനും എന്താവശ്യത്തിന് വേണ്ടിയാണ് അന്നത്തെ അധികാരികൾ ഭൂമി നല്കിയതെന്ന ചോദ്യത്തിനും വഖ്ഫ് ബോർഡിന് ഉത്തരമില്ല. ഇതോടെ മൂസ അബ്ദുൾ കരീംസേട്ടിന്റെ കുടുംബത്തിന് രാജഭരണ കാലത്ത് കൃഷി ആവശ്യത്തിന് നല്കിയ ഭൂമി സിദ്ദിഖ് സേട്ടിന്റെ കൈകളിലെത്തുകയായിരുന്നു എന്നത് വ്യക്തമാകുകയാണ്. ഇത് ഫറൂഖ് കോളജിന് എഴുതിവച്ചതായും വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി പറയുന്നു. എന്നാൽ എത്ര സെന്റ് വസ്തുവാണ് ഫറൂഖ്‌കോളജിന് നല്കിയതെന്നില്ല. അതിന്റെ കൈവശാവകാശ രേഖകൾ ഫറൂഖ് കോളജിന്റെ ട്രസ്റ്റിലും ഇല്ല.
ഈ ഭൂമിയിലെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പം നിവാസികളുടെ സമരം തുടരുന്നതിനിടെയാണ് ഭൂമിയിലെ വഖ്ഫിന്റ അവകാശവാദം ചോദ്യം ചെയ്യുന്ന തരത്തിലുളള തെളിവുകൾ പുറത്തുവരുന്നത്.















