നടി സണ്ണി ലിയോണിന്റെയും ഭർത്താവിന്റെയും പേരിൽ തട്ടിപ്പ്. സണ്ണി ലിയോണിന്റെയും പങ്കാളിയുടെയും പേരിൽ ഛത്തിസ്ഗഡ് സർക്കാരിന്റെ ക്ഷേമ പദ്ധതിയിൽ നിന്നും മാസം 1000 രൂപയാണ് തട്ടിപ്പുകാരൻ കൈപ്പറ്റിയത്.
സംസ്ഥാന സർക്കാരിന്റെ മഹാതാരി വന്ദൻ യോജനയിലാണ് നടിയുടെയും ഭർത്താവിന്റെയും പേര് അനധികൃതമായി രജിസ്റ്റർ ചെയ്തത്. പത്ത് മാസം കൊണ്ട് പതിനായിരം രൂപയാണ് ഇയാൾ പോക്കറ്റിലാക്കിയത്. സണ്ണി ലിയോണി സർക്കാർ പദ്ധതിയിൽ നിന്നും പണം കൈപ്പറ്റുന്നു എന്ന് വാർത്ത പ്രചരിച്ചതിന് പിന്നാലെ വനിതാ ശിശുവികസന വകുപ്പ് നടത്തിയ അന്വേഷണത്തിൽ വിരേന്ദ്ര ജോഷി എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. ഇയാളുടെ ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും പണം തിരിച്ച് പിടിക്കാനും എഫ്ഐആർ രജിസ്റ്റർ ചെയ്യാനും ജില്ലാഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
ബസ്തർ ജില്ലയിലെ തലൂർ സെക്ടറിലെ അങ്കണവാടി വഴിയാണ് ഇയാൾ അപേക്ഷ നൽകിയത്. അങ്കണവാടി വർക്കർ വേദമതിയുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പ്. സംഭവം പുറത്ത് വന്നതിന് പിന്നാലെ വേദമതിക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. മാർച്ച് മുതൽ ഡിസംബർ വരെയുള്ള പത്ത് മാസത്തെ ഗുണഭോക്തൃ തുക ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഗർഭിണികളുടെയും കുട്ടികളുടെയും പോഷകാഹാരത്തിനും ആരോഗ്യത്തിനും സഹായം നൽകുന്ന സർക്കാർ പദ്ധതിയാണ് മഹ്താരി വന്ദൻ യോജന. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം