തിരുവനന്തപുരം: കേരളത്തിൽ വര്‍ഗീയവാദികളും തീവ്രവാദികളും തല ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണ് രാഹുലും പ്രിയങ്കയും ലോക്സഭയിലെത്തിയതെന്ന വിജയരാഘവന്റെ പരാമർശത്തെ പിന്തുണച്ച് കൊണ്ടായിരുന്നു ശ്രീമതിയുടെ വാക്കുകൾ.
കേരളത്തിലും വര്‍ഗീയവാദികളും തീവ്രവാദികളും തല ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ശ്രീമതി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്നായിരുന്നു എ.വിജയരാഘവന്റെ പരാമർശം. പ്രിയങ്കയുടെ ഘോഷയാത്രയിലും ന്യൂനപക്ഷ വര്‍ഗീയതയിലെ മോശപ്പെട്ട ഘടകങ്ങളുണ്ടായിരുന്നുവെന്നും വിജയരാഘവൻ ആരോപിച്ചിരുന്നു. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് പരാമർശം.
മുസ്ലീം സംഘടനകളെ വിമർശിക്കുന്നതിന് പിന്നാലെ മലക്കം മറിയുന്നത് സിപിഎം നേതാക്കളുടെ പതിവ് പരിപാടിയാണ്. ദിവസങ്ങൾക്ക് മുമ്പ് മെക് 7 ന്റെ കാര്യത്തിൽ കോഴിക്കോട് ജില്ലാസെക്രട്ടറി മോഹനനും ഇതേ അടവാണ് പ്രയോഗിച്ചത്. മെക് 7 തീവ്രവാദം ബന്ധമുണ്ടെന്ന ആരോപിച്ച മോഹനൻ ഒറ്റ ദിവസം കൊണ്ട് നിലപാട് മാറ്റി. ഇതേ രീതിയിൽ വരും ദിവസങ്ങളിൽ കൂടുതൽ മലക്കം മറിച്ചിലിന് കേരള ജനത സാക്ഷിയാകേണ്ടി വന്നാലും അതിശയപ്പെടാനില്ല.
കേരളത്തിൽ തീവ്രവാദികൾ ഇല്ലെന്നായിരുന്നു ഇത്രയും കാലം സിപിഎം നിലപാട്. മദനിയുടെ പിഡിപിയെ അടക്കം കൂട്ടുപിടിച്ച പാരമ്പര്യവുമുണ്ട്. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയെ തള്ളിപ്പറയാൻ പോലും ഇതുവരെ സിപിഎം തയ്യാറായിട്ടില്ലെന്നതും ഇതിനോട് ചേർത്ത് വായിക്കാം.















