ബോളിവുഡ് ചിത്രം അനിമലും സാൻഡൽവുഡിൽ നിന്നെത്തിയ കെ.ജി.എഫും മുതൽ മുടക്കിൽ ഉണ്ണി മുകുന്ദന്റെ മാർക്കോയുടെ എത്രയോ മുകളിലാണ്. യാഷ് നായകനായ കെ.ജി.എഫ് ആദ്യ ഭാഗം 80 കോടിയിൽ പൂർത്തിയാക്കിയപ്പോൾ രണ്ടാം ഭാഗത്തിന്റെ ബജറ്റ് 100 കോടി കടന്നു. റൺബീർ കപൂറിന്റെ അനിമലിന്റെയും കാര്യം വ്യത്യസ്തമല്ല. നൂറു കോടിയിലേറെ മുതൽ മുടക്കിലാണ് ചിത്രമെത്തിയത്.
ബോളിവുഡ് പറയുന്നതനുസരിച്ച് ചെറിയ ബജറ്റിലെത്തിയ കില്ലും ചിത്രം പൂർത്തിയാക്കാൻ മുടക്കിയത് 40 കോടി രൂപയാണ്. ഇവയെല്ലാം ബോക്സോഫീസിൽ നിന്ന് പണം വാരുകയും ചെയ്തു. ഇവിടെയാണ് മാർക്കോ എന്തുകൊണ്ട് ക്വാളിറ്റിയിൽ ഇവരേക്കാൾ മികച്ചു നിൽക്കുന്നു എന്ന് തറപ്പിച്ചു പറയേണ്ടത്. 30 കോടിയോളം രൂപയാണ് മാർക്കോയ്‌ക്കായി ഷരീഫ് മുഹമ്മദെന്ന യുവ നിർമാതാവ് ചെലവാക്കിയത്. ക്വാളിറ്റിയിൽ ഒരിടത്തും വിട്ടുവീഴ്ച ചെയ്യാത്ത ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ബെഞ്ച് മാർക്കായി വാഴ്‌ത്തപ്പെട്ടു കഴിഞ്ഞു. ബോക്സോഫീസിലും റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ്. അനിമലും കെ.ജി.എഫും കില്ലുമൊക്കെ വയലൻസിന്റെ പേരിൽ ആഘോഷിക്കപ്പെട്ടപ്പോൾ മാർക്കോ മാത്രം ക്രൂശിക്കപ്പെടുന്നത് എന്തുകൊണ്ടാണ്..?
ഇതിനിടെ ചിത്രത്തിലെ വയലൻസ് മാത്രം ചർച്ചയാക്കി, സിനിമയെ മറ്റൊരു തലത്തിലേക്ക് വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. വയലൻസ് കാണിച്ച, അല്ലെങ്കിൽ വയലസിന്റെ അതിപ്രസരമുള്ള ആദ്യത്തേയും അവസനാത്തെയും ഇന്ത്യൻ സിനിമയല്ല മാർക്കോ. പൃഥ്വിരാജ് അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം തന്നെ വയലൻസായിരുന്നു. ക്രൂരമായ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും അരങ്ങേറിയ ചിത്രത്തിൽ അത്യന്തം നിറഞ്ഞ നിന്നതും വയലൻസായിരുന്നു.
അന്ന് ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിൽക്കാലത്ത് അതേ ജോണറിലെത്തിയ പല ചിത്രങ്ങൾക്കും ആരാധകരുണ്ടായി. ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ഇറങ്ങിയപ്പോഴും കുറുപ്പ് ഇറങ്ങിയപ്പോഴും കൊല്ലും കാെലയും ചെയ്യുന്ന നായകനെ ആരാധിക്കാനായിരുന്നു ആളുകളേറെയും സമയം കണ്ടെത്തിയത്. അപ്പോഴൊന്നും ചർച്ചകൾ പോയിട്ട് ചാ എന്ന് ഉച്ചരിക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. അത് ഒരു പ്രത്യേകതരം അജണ്ടയാണെന്ന് പറയാതിരിക്കാൻ വയ്യ.
ആക്ഷനും വയലൻസും ആസ്വദിക്കാൻ തത്പ്പരരായ പ്രേക്ഷകരുള്ളപ്പോൾ അത്തരം കലാസൃഷ്ടിക്കൾക്ക് മറ്റൊരു മാനം കല്പിക്കുന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. ബാഹുബലിയിൽ സ്ത്രീകളെ കടന്നുപിടിക്കുന്ന അക്രമിയുടെ തലവെട്ടുമ്പോൾ കൈയടിക്കുന്നവർ തന്നെയാണ് മാർക്കോയിൽ കുടുംബത്തെ ഇല്ലാതാക്കിയ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന നായകനെ ചോദ്യം ചെയ്യുന്നത്. കഥ ആവശ്യപ്പെടുന്നത് മാത്രമല്ലാതെ ഒരിക്കലും മാർക്കോ എന്ന ചിത്രത്തിൽ വയലൻസിനെ മഹത്വവത്കരിക്കുന്നില്ല.
സിനിമയിലേക്ക് വരുമ്പോൾ ആക്ഷൻ സംവിധായകനായ കലൈ കിംഗ്സന്റെ അപാരമായ ക്രാഫ്റ്റിൽ പിറന്ന ഏഴ് ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ഉണ്ണി മുകുന്ദന്റെയും സ്റ്റണ്ട്മാന്മാരുടെയും അസാധ്യമായ പ്രകടനമാണ് ഇന്ന് പ്രേക്ഷർ തിയേറ്ററിൽ ആഘോഷമാക്കുന്നത്. ആദ്യാവസാനം പ്രേക്ഷകർക്ക് ഇഷ്ടമില്ലെങ്കിൽ എന്തൊക്കെ ഗിമിക്ക് കാട്ടിയാലും ഒരുസിനിമയും തിയേറ്ററിൽ വിജയിക്കില്ല. മറിച്ച് ഒരു കലാസൃഷ്ടി നല്ലതാണോ അതിനെ ആൾക്കാർ കൈവിടുകയുമില്ല, എത്രയോക്കെ ചെളിവാരിയെറിഞ്ഞാലും. അതിന്റെ അവസാന ഉദാഹരണമാണ് മാർക്കോ.
….ആർ.കെ രമേഷ്….















