ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസത്തിൽ നിർണായക മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഓൾ പാസ് സമ്പ്രദായത്തിനാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതിനായി നോ-ഡിറ്റൻഷൻ നയത്തിൽ സർക്കാർ മാറ്റം വരുത്തി. ഇതുപ്രകാരം 5, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾ ഓൾ പാസിന് കീഴിൽ വരില്ല. അതിനാൽ വാർഷിക പരീക്ഷയിൽ പരാജയപ്പെടുന്ന കുട്ടികൾക്ക് രണ്ട് മാസത്തിനകം വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും. ഇതിലും പരാജയപ്പെട്ടാൽ വാർഷിക പരീക്ഷയിൽ തോറ്റതായി തന്നെ വിലയിരുത്തും. അടുത്ത ക്ലാസിലേക്ക് പ്രമോട്ട് ചെയ്യപ്പെടുകയില്ല. അതേസമയം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെ ഒരു വിദ്യാർത്ഥിയേയും ഒരു സ്കൂളിൽ നിന്നും പുറത്താക്കാൻ കഴിയില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം കുട്ടികൾക്ക് നൽകുന്ന 2010ലെ നിയമത്തിലാണ് നിലവിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. കുട്ടികളുടെ പഠനഫലം മെച്ചപ്പെടുത്താൻ ഭേദഗതി സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് പുതിയ മാറ്റം. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സൈനിക സ്കൂളുകൾ എന്നിവയടക്കം കേന്ദ്രസർക്കാരിന് കീഴിലുള്ള മൂവായിരത്തിലധികം സ്കൂളുകൾക്ക് ഭേദഗതി ബാധകമാകും.
സ്കൂൾ വിദ്യാഭ്യാസമെന്നത് സംസ്ഥാനത്തിന്റെ വിഷയമായതിനാൽ ഭേദഗതി നടപ്പിലാക്കണമോ വേണ്ടയോ എന്നതിൽ ഓരോ സംസ്ഥാനങ്ങൾക്കും തീരുമാനമെടുക്കാനുള്ള വിവേചനാധികാരമുണ്ട്. 16 സംസ്ഥാനങ്ങളിലെയും ഡൽഹി ഉൾപ്പടെ 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും സർക്കാരുകൾ 5, 8 ക്ലാസുകൾക്ക് നോ-ഡിറ്റൻഷൻ നയം നേരത്തെ നിർത്തലാക്കിയിരുന്നു. ഹരിയാനയും പുതുച്ചേരിയും ഇതുവരെ നിലപാടറിയിച്ചിട്ടില്ല. ശേഷിക്കുന്ന സംസ്ഥാനങ്ങൾ നോ-ഡിറ്റൻഷൻ നയവുമായി മുന്നോട്ട് പോവുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ അധികൃതർ വ്യക്തമാക്കി.
നോ-ഡിറ്റൻഷൻ നയം അനുസരിച്ച്, 5, 8 ക്ലാസുകളുടെ വാർഷിക പരീക്ഷയിൽ വിദ്യാർത്ഥികൾ പരാജയപ്പെട്ടാലും, അതേ ക്ലാസിൽ അവരെ തടഞ്ഞുവയ്‌ക്കാൻ അനുവദിക്കില്ല. പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയേയും അടുത്ത ക്ലാസിലേക്ക് പ്രമോട്ടുചെയ്യുന്നതാണ് നോ-ഡിറ്റൻഷൻ നയം അഥവാ ‘ഓൾ പാസ്’. ഈ നിയമം 8-ാം ക്ലാസ് വരെ ബാധകമായിരുന്നു. എന്നാൽ 2010ലെ നിയമത്തിൽ ഭേദഗതി വരുത്തിയ സാഹചര്യത്തിൽ വാർഷിക പരീക്ഷയിൽ പരാജയപ്പെട്ടാൽ വിദ്യാർത്ഥികളെ തടഞ്ഞുവയ്‌ക്കാമെന്ന് സാരം.