സോഷ്യൽമീഡിയ മുഴുവൻ ഇപ്പോൾ ‘മാർക്കോ’ തരംഗമാണ്. ഒപ്പം ചില കൂട്ടക്കരച്ചിലുകളും.. മാർക്കോ പോലെയുള്ള കലാസൃഷ്ടികൾ മലയാള സിനിമയ്‌ക്കും മലയാളികൾക്കും ആപത്താണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഒരുവശത്ത് ശക്തമാകുന്നത്. ഇത്രമാത്രം വയലൻസുള്ള സിനിമ യുവാക്കൾ കാണുന്നത് ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുമെന്ന ചർച്ചകളും നടക്കുകയാണ്. എന്നാൽ സിനിമയെ സിനിമയായി മാത്രം കാണണമെന്നും വയലൻസിനോട് താത്പര്യമില്ലാത്തവർ മാർക്കോ കാണേണ്ടതില്ലെന്നും അണിയറപ്രവർത്തകർ തന്നെ വ്യക്തമാക്കി കഴിഞ്ഞു. സിനിമയ്‌ക്കെതിരെ വിശകലനചർച്ചകൾ കൂടിവരുന്ന ഈ സാഹചര്യത്തിൽ മാർക്കോയെക്കുറിച്ചുള്ള ഒരു എഫ്ബി പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.
ആകാശദൂത് പൊലെയൊരു കഥയാണെന്നും കുട്ടികളെ നിർബന്ധമായും കാണിക്കണമെന്നും മാർക്കോയുടെ നിർമാതാക്കൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഓർമിപ്പിക്കുന്നതാണ് പോസ്റ്റ്. കുറിപ്പിങ്ങനെ..
“ആകാശദൂത് പോലൊരു കഥയാണ്, ഫാമിലിക്ക് ഒന്നടങ്കം ഇരുന്ന് ആസ്വദിച്ചു കാണാൻ പറ്റുന്നതാണ്, കുട്ടികളെയൊക്കെ പ്രത്യേകം കൊണ്ടുപോയി കാണിക്കണം” എന്നൊന്നും പറഞ്ഞു വന്ന സിനിമ അല്ലല്ലോ ഈ മാർക്കോ..
സിനിമ ഉണ്ടാക്കാൻ തുടങ്ങിയ സമയം മുതൽ സിനിമയുടെ അണിയറ പ്രവർത്തകരും, റിലീസിനു മുൻപ് പടം സെൻസർ ചെയ്ത സർക്കാരും അത് എന്താണ്, എങ്ങനെയാണ്, എന്ത് പോലെയാണ് എന്നൊക്കെ വിശദമായി പറഞ്ഞിട്ടാണ് സർട്ടിഫിക്കറ്റും മുന്നറിയിപ്പും തന്നിട്ടാണ് അത് ഇറക്കിയിട്ടുള്ളത്. പിന്നെ എന്ത് കണ്ടിട്ടാണ് ”ഹെമ്മേ ഈ സമൂഹം എങ്ങോട്ടാണ് പോകുന്നത്”… “ഇത് കാണുന്നവർക്കൊക്കെ ഭ്രാന്താണ്”.. “അവർക്ക് വികലമായ മനസ്സാണേ”.. എന്നൊക്കെ കിടന്നു കരയുന്നെ?.. ആകാശദൂദ് കാണേണ്ടവർ ആകാശദൂത് കാണട്ടെ, മാർക്കോ കാണേണ്ടവർ മാർക്കോ കാണട്ടെ…
സിനിമാ-സാമൂഹിക-രാഷ്‌ട്രീയ വിശകലനങ്ങൾ സർക്കാസ്റ്റിക് രൂപേണ എഴുതി ശ്രദ്ധേയനായ ‘ഹരി തമ്പായി’യുടെ പോസ്റ്റാണിത്. മാർക്കോ സിനിമയെ നഖശിഖാന്തം എതിർക്കുന്നവർക്കുള്ള മറുപടി കൂടിയാവുകയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.















