മുംബൈ: ഇന്ത്യൻ സമാന്തര സിനിമാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വിഖ്യാത ചലച്ചിത്ര നിർമ്മാതാവ് ശ്യാം ബെനഗൽ അന്തരിച്ചു. ഗുരുതരമായ വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. മുംബൈയിലെ വൊക്കാർഡ് ആശുപത്രയിൽ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. മകൾ പിയ ബെനഗലാണ് വിയോഗവർത്ത സ്ഥിരീകരിച്ചത്. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാര ജേതാവാണ്.
1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും നൽകി രാജ്യം ബെനഗലിനെ ആദരിച്ചു. അങ്കുർ, നിഷാന്ത്, ഭൂമിക, ത്രികാൽ, സുബൈദ, സർദാരി ബീഗം എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളായിരുന്നു ബെനഗൽ ചിത്രങ്ങളുടെ പ്രമേയം. 2023-ൽ പുറത്തിറങ്ങിയ ‘മുജീബ്: ദ മേക്കിംഗ് ഓഫ് എ നേഷൻ’ എന്ന ബയോപിക്കാണ് അദ്ദേഹത്തിന്റേതായി അവസാനമായി ഇറങ്ങിയ ചിത്രം.
പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ട് ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി-ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ ബെനഗലിനെ തേടിയെത്തിയിട്ടുണ്ട്. ഹിന്ദിയിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ദേശീയതലത്തില്‍ ഏഴ് തവണ ലഭിച്ചിട്ടുണ്ട്. തിരക്കഥ, മികച്ച രണ്ടാമത്ത ചിത്രം വിഭാഗങ്ങളിലും ദേശീയ പുരസ്‍കാരം ലഭിച്ചു. ഡിസംബർ 14 ന് അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം 90-ാം ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോഗ്യ നില വഷളായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.















