ചെന്നൈ: ബോർഡർ ഗവാസ്കർ ട്രോഫിക്കായുള്ള ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയ്‌ക്കിടെയായിരുന്നു അന്തരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള ആർ അശ്വിന്റെ തീരുമാനം. ബ്രിസ്‌ബെയ്ൻ ടെസ്റ്റിനുപിന്നാലെ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ താരം തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ യാതൊരു മുന്നറിയിപ്പുകളുമില്ലാതെയുള്ള അശ്വിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. സുനിൽ ഗവാസ്കറടക്കം താരത്തിന്റെ തീരുമാനം ശരിയായ സമയത്തല്ലെന്ന അഭിപ്രയം പങ്കുവച്ചിരുന്നു.
ഇതിനിടെ അശ്വിന്റെ പിതാവ് രവിചന്ദ്രന്റെ വെളിപ്പെടുത്തലും വലിയ വിവാദത്തിന് തിരികൊളുത്തി. തുടർച്ചയായി അവഗണിക്കുന്നത് അപമാനമായി തോന്നിയതുകൊണ്ടാവാം മകൻ വിരമിച്ചതെന്നായിരുന്നു പിതാവിന്റെ വാക്കുകൾ. എന്നാൽ ഈ ഘട്ടങ്ങളിലൊന്നും വിരമിക്കലിനുപിന്നിലെ കാരണം അശ്വിൻ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ തന്റെ മനസു തുറന്നിരിക്കുകയാണ് താരം.
ഒരിക്കലും കളിക്കളത്തിലുണ്ടാകുന്ന അനുഭവങ്ങൾ കൂടെ കൊണ്ട് നടക്കുന്ന ആളല്ല താനെന്ന് അശ്വിൻ പറഞ്ഞു. ജീവിതത്തിൽ ഇതുവരെയും ഒരു അരക്ഷിതാവസ്ഥ തോന്നിയിട്ടില്ല. ഇന്ന് സ്വന്തമായ നേട്ടങ്ങളെല്ലാം നാളെയും തന്റേതായിരിക്കുമെന്ന് വിശ്വസിക്കുന്നില്ല. അതുതന്നെയാണ് ഇക്കാലമത്രയും തന്നെ മുന്നോട്ടു നയിച്ച ഘടകമെന്നും താരം വ്യക്തമാക്കി.
വിരമിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് അശ്വിൻ മനസ് തുറന്നു. ” പലതവണ ചിന്തിച്ചു. എന്റെ കഴിവുകൾകൊണ്ട് പുതുതായി ഒന്നും ചെയ്യാനും നേടാനുമില്ലെന്ന് തോന്നുന്ന ഒരു ദിവസം വന്നാൽ അന്ന് മാത്രമാണ് ക്രിക്കറ്റ് ഉപേക്ഷിക്കണമെന്ന് കരുതിയിരുന്നത്. എന്നാൽ പെട്ടന്ന് എനിക്കങ്ങനെ തോന്നി,”അശ്വിൻ പറഞ്ഞു.