എറണാകുളം: എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെഎംഎം കോളേജ് ക്യാമ്പസിലാണ് സംഭവം. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാൻ തുടങ്ങിയത്. ക്യാമ്പിൽ വിതരണ ചെയ്ത ഭക്ഷണത്തിന് പഴക്കമുണ്ടായിരുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ രക്ഷിതാക്കൾ കോളേജിന് മുന്നിൽ പ്രതിഷേധം നടത്തി. വിവരമറിഞ്ഞ് രക്ഷിതാക്കളും അദ്ധ്യാപകരും കോളേജിലേക്ക് എത്തിയിരുന്നു. എന്നാൽ ക്യാമ്പ് നടക്കുന്ന സ്ഥലത്തേക്ക് രക്ഷിതാക്കളെ കടത്തിവിടാത്തത് വാക്കുതർക്കത്തിനിടയാക്കി. രക്ഷിതാക്കളും പൊലീസും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തു. തുടർന്ന് ക്യാമ്പ് അവസാനിപ്പിച്ചു.
ഉച്ച മുതൽ വിദ്യാർത്ഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചെങ്കിലും വൈകുന്നേരം ആയപ്പോഴേക്കും ചില വിദ്യാർത്ഥികൾ തളർന്നുവീണു. പൊലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വിഷയത്തിൽ ഡിഎംഒയും കളക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.















