പത്തനംതിട്ട: ശബരിമല നട അടച്ചിടുമെന്ന വ്യാജ പ്രചരണത്തിനെതിരെ സൈബർ പൊലീസിന് പരാതി നൽകി ദേവസ്വം ബോർഡ്. സൂര്യഗ്രഹണം മൂലം നട അടച്ചിടും എന്നായിരുന്നു പ്രചരണം. രണ്ട് വർഷം മുമ്പുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് സ്ഥാപിത താല്പര്യമാണെന്ന് ദേവസ്വം ബോർഡ് ആരോപിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്താണ് വ്യാജ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചത്. മണ്ഡലപൂജ ദിവസം എത്തുന്ന ഭക്തരെ ആരെയും തിരിച്ചുവിടില്ലെന്നും സ്പോട്ട് ബുക്കിങ് നിയന്ത്രണം ഉണ്ടെങ്കിലും പരമാവധി ഭക്തർക്ക് ദർശനം ലഭ്യമാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. നാളെ വെർച്ച്വൽ ക്യൂ വഴി 50,000 പേർക്കായിരിക്കും ദർശനം ലഭിക്കുക. എന്നാൽ 26 ന് 10,000 പേരെ അധികമായി അനുവദിക്കും. ഇന്നലെ വരെ 38 ദിവസം ദർശനത്തിന് എത്തിയത് 30,87000 പേരാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
ഒരിടവേളയ്‌ക്ക് ശേഷം ഇത്തവണ ശബരിമലയിൽ പമ്പ സംഗമം നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. ജനുവരി 12 ന് ഉച്ചയ്‌ക്ക് രണ്ടുമണി മുതലാണ് സംഗമം. വൈകീട്ട് നാല് മണിക്ക് മന്ത്രി വിഎൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ നടൻ ജയറാം മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.