ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ പരാതികൾക്ക് പരിഹാരം കാണാൻ ടോൾ ഫ്രീ നമ്പറുമായി കൃഷി മന്ത്രാലയം. എല്ലാദിവസും രാവിലെ 6 മുതൽ രാത്രി 10 വരെ സേവനം ലഭിക്കുന്ന തരത്തിലാണ് ടോൾ ഫ്രീ സൗകര്യം സജ്ജീകരിക്കുന്നത്. എല്ലാ ടെലികോം നെറ്റ്‌വർക്കുകളുടെയും ലാൻഡ്‌ലൈനിലൂടെയും മൊബൈൽ നമ്പറുകളിലൂടെയും ഇതിലേക്ക് വിളിക്കാൻ കഴിയും. കർഷകർക്ക് മാതൃഭാഷയിൽ തന്നെ സംസാരിക്കാനും സാധിക്കും. 22 ഔദ്യോഗിക ഭാഷകളിലാണ് സേവനം ലഭ്യമാകുക. അടുത്ത വർഷം ആദ്യം രാജ്യതലസ്ഥാനത്ത് 100 ലൈനുകളുള്ള കോൾസെന്റർ പ്രവർത്തനമാരംഭിക്കുമെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം.
കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്രകൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഹെൽപ്പ് ലൈൻ സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രാലയം നടപടികൾ വേഗത്തിലാക്കി. ടെലികമ്മ്യൂണിക്കേഷൻ കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് പദ്ധതി നടപ്പാക്കാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.
കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന സർക്കാരുകളും കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതുവഴി ലഭിക്കും. നിലവിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ അറിയാക്കാനും സമയ ബന്ധിതമായി പരിഹാരം കാണാനും സാധിക്കും. രാജ്യമെമ്പാടുമുള്ള കർഷകരുടെ പരാതികളും പ്രതിസന്ധികളും ഒറ്റ കുടക്കീഴിൽ വരുന്നത് ഭാവിയിൽ പദ്ധതി രൂപീകരണത്തിന് സഹായിക്കുമെന്നും കേന്ദ്രസർക്കാർ വിലയിരുത്തുന്നു.















