പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിൽ വരുത്തിയത് സമാനതകളില്ലാത്ത മാറ്റമാണ് . ആഗോള തലത്തിൽ ഇന്ത്യയുടെ ശബ്ദവും നിലപാടുകളും ഏവരും ശ്രദ്ധിക്കാൻ തുടങ്ങിയത് ഇതിന്റെ ഫലമായാണ്. നയതന്ത്ര ബന്ധം ശക്തമല്ലാത്ത രാജ്യങ്ങളെ പോലും സ്വാധീനിക്കാൻ തക്ക കരുത്തുള്ളവരായി ഇന്ത്യ വളർന്നു. മോദിയുടെ കുവൈറ്റ് സന്ദർശനം ഇന്ത്യൻ സമൂഹത്തിന് നൽകിയ ഊർജ്ജം എത്രത്തോളമാണെന്ന് വിവരിക്കുകയാണ് സാമൂഹിക പ്രവർത്തകയായ നിഷ രവി…..
ഭാരതമെന്നാൽ അഭിമാനപൂരിതമാകണം അന്തരംഗം എന്ന ചൊല്ല് ഒരിക്കൽ കൂടി അന്വർത്ഥമാക്കി ആദരണീയനായ പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനം രാജ്യസ്നേഹിയായ ഒരു സാധാരണക്കാരന് തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ദിവസം ആയിരുന്നു 2024 ഡിസംബർ 21. ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഇത് ആദ്യമാകും ഒരു പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞത് , എല്ലാവരെയും പോലെ ഞാനും പ്രധാനമന്ത്രിയെ കാണാൻ വളരെ ആകാംക്ഷയോടെ ആണ് സ്റ്റേഡിയത്തിൽ എത്തിയത്. അദ്ദേഹത്തെ കൂടുതൽ അടുത്ത് കാണാൻ ഓരോ സീറ്റുകൾ മാറി മാറി ഇരുന്നു നോക്കി. എത്രയും അടുത്ത് തന്നെ കാണണം എന്ന ആഗ്രഹത്തോടെ.
പ്രധാനമന്ത്രി സ്റ്റേഡിയത്തിൽ എത്തുന്നതിന് എത്രയോ മണിക്കൂറുകൾ മുൻപ് തന്നെ എല്ലാവരും നിബന്ധനകളെല്ലാം പാലിച്ചു കൊണ്ട് ക്ഷമയോടെ കാത്തിരുന്നു . ഒരു രാജ്യത്തിന്റെ അന്തസ്സ് മറ്റു രാജ്യങ്ങളിൽ പ്രകടമാകുന്നത് പൗരന്മാരുടെ പൊതു സമൂഹത്തിൽ ഉള്ള പെരുമാറ്റത്തിലൂടെ ആകും എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ. അത്രയും അന്തസ്സോടെ , ആദരവോടെ, അഭിമാനത്തോടെ ആണ് ഭാരതീയർ അദ്ദേഹത്തെ വരവേറ്റത്. നാലു പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനം ഇന്ത്യൻ സമൂഹത്തിന് ശരിക്കും ചരിത്രപരമായ മുഹൂർത്തമായിരുന്നു. അദ്ദേഹം വേദിയിലേക്കെത്തി 4 സെക്കന്റ് കഴിഞ്ഞപ്പോൾ തന്നെ . 43 വർഷത്തെ മഞ്ഞുരുകിയെന്ന് വ്യക്തമായി. വേദിയിലേക്ക് അദ്ദേഹം എത്തിയ നിമിഷം ഏതൊരു ഭാരതീയന്റെയും യശസ്സ് വാനോളം ഉയർന്നു. ഭാരത് മാതാ കീ ജയ് വിളിയിലൂടെ വർണ്ണ, ഭാഷാ, ജാതി മത രാഷ്‌ട്രീയ വ്യത്യാസങ്ങൾ ഇല്ലാതെ നമ്മൾ ഭാരതീയരായി മാറി.
അതേ കുവൈറ്റിലെ ഇന്ത്യൻ സമൂഹം ഒരൊറ്റ മനസ്സായി നമ്മുടെ പ്രധാനമന്ത്രിയെ വരവേറ്റു . അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പറഞ്ഞത് പോലെ വേദിയെ നമ്മൾ മിനി ഹിന്ദുസ്ഥാൻ ആക്കി മാറ്റി. പ്രധാനമന്ത്രിയുടെ സന്ദർശനം ഒരു ഇന്ത്യക്കാരനെ എത്രത്തോളം സ്വാധീനിച്ചു എന്നത് അദ്ദേഹം എയർപോർട്ടിൽ വന്നിറങ്ങിയ സമയം മുതൽ നമുക്കു കാണാം . ലോകത്തൊരിടത്തും ഇത്രയും ജനകീയനായ, ജനങ്ങളെ കേൾക്കുന്ന, ജനങ്ങളിൽ ഒരാളായി മാറുന്ന ഒരു രാജ്യത്തലവനെ കണ്ടിട്ടില്ല. ഒരു ഭരണാധികാരി ജനകീയനാകുന്നത് സാധാരണക്കാർക്കു പ്രാപ്യൻ ആകുമ്പോൾ ആണ്. അങ്ങനെ നോക്കിയാൽ ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ജനകീയനായ ഭരണാധികാരി ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോദി ആണ് എന്നതിൽ മറ്റൊരഭിപ്രായം ഇല്ല.
ലേബർ ക്യാമ്പ് സന്ദർശനത്തിൽ തന്റെ അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ മടിക്കുന്ന ആളോട് സ്നേഹപൂർവ്വം ഭക്ഷണം കഴിക്കാൻ പറയുന്നതൊന്നും മനസ്സിൽ നിന്ന് മായുന്നില്ല. ലേബർ ക്യാമ്പുകളിൽ വളരെ യാന്ത്രികമായജീവിതം നയിക്കുന്ന ഓരോരുത്തരോടും ഉള്ള മനസ്സറിഞ്ഞുള്ള പെരുമാറ്റം തങ്ങൾക്കു പറയാനും, തങ്ങൾക്കു പറയാൻ ഉള്ളത് കേൾക്കാനും ഒരാൾ ഉണ്ടെന്നുള്ള ഉറപ്പാണ് നൽകിയത്. കുവൈറ്റിലെ തണുപ്പും , ചൂടും 22 വർഷക്കാലമായി അനുഭവിക്കുന്ന ഒരു പ്രവാസി എന്ന നിലയിൽ അദ്ദേഹത്തിന്റെ സന്ദർശനം പറഞ്ഞറിയാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു . അത്രയും വേണ്ടപ്പെട്ട ആരോ കൂടെ ഉള്ളത് പോലെ ഒരു തോന്നൽ, നമ്മളെ ക്ഷമയോടെ കേൾക്കാൻ രാജ്യത്തിന്റെ പ്രധാന സേവകൻ തന്നെ കൂടെ ഉള്ളത് സന്തോഷത്തോടൊപ്പം അഭിമാനവും നൽകുന്ന . ഭാരതം അല്ലാതെ ഏതു രാജ്യത്തിനാണ് ഇത്തരത്തിൽ സമഭാവനയോടെ തന്റെ പൗരന്മാരെ ചേർത്ത് പിടിക്കാൻ കഴിയുക?
പരിമിതമായ സീറ്റിൽ അദ്ദേഹത്തെ കാണാൻ കഴിയാതെ പോയവർ നിരവധിയാണ് . അവിടെയാണ് സേവാദർശൻ പോലെ ഉള്ള സംഘടനയുടെ സംഘടനാ പാടവവും കാര്യക്ഷമതയും സാധാരണക്കാരനു മനസ്സിലാകുന്നത്. എംബസ്സി യുമായി സഹകരിച്ചു കൊണ്ട് എത്തിപ്പെടാൻ പറ്റുന്ന എല്ലാവർക്കും പ്രധാനമന്ത്രിയെ കാണാൻ അവസരം ഒരുക്കുക മാത്രമല്ല, സെക്യൂരിറ്റി ചെക്കിങ്ങിൽ എംബസിയോടും, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗാർഡിനോടൊപ്പവും ആദ്യാവസാനം സേവാദർശൻ പ്രവർത്തകർ ഉണ്ടായിരുന്നു. അവർ ആരും തന്നെ ഒന്ന് ഇരുന്നു പോലും കണ്ടില്ല. വേദിയിലേക്ക് വന്ന ഓരോരുത്തരെയും അതാതു സീറ്റുകളിൽ ഇരുത്തി ക്ഷമയോടെ അവരെ കേട്ട ആ പ്രവർത്തകർ പരിപാടിയുടെ ആദ്യാവസാനം വരെ വെള്ളം പോലും കുടിക്കുന്നത് കണ്ടില്ല. സാധാരണ ഒരു പ്രവർത്തകൻ മുതൽ സേവാദർശൻ പ്രസിഡണ്ട് വരെ ആദ്യാവസാനം ഉണ്ടായിരുന്നു. വൈകിട്ട് 3: 50 ന്റെ പരിപാടിക്ക് ഞാൻ ഉൾപ്പടെ ഉള്ളവർ 11:00 മണിക്ക് സ്റ്റേഡിയത്തിൽ എത്തി അതിലും എത്രയോ മുൻപ് തന്നെ സേവാദർശൻ പ്രവർത്തകർ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ടാകും. അവരുടെ അകമഴിഞ്ഞ, ആദർശ ശുദ്ധിയോടും അച്ചടക്കത്തോടും , ക്ഷമയോടും ഉള്ള പ്രവർത്തനം നേരിൽ കാണുവാനും പരിപാടിക്കിടെ കഴിഞ്ഞു.
ആരാധ്യനായ നമ്മുടെ പ്രധാനമന്ത്രിയെ കാണാനും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും കുവൈറ്റ് – ഇന്ത്യാ ബന്ധം സുദൃഢമാക്കി എന്നതിലും കുവൈറ്റിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ മുബാറക് അൽ കബീർ കൊടുത്തു അദ്ദേഹത്തെ ആദരിച്ചതിലും അവിടെ എത്തിച്ചേർന്ന ഏതൊരു ഭാരതീയനെയും പോലെ ഞാനും അഭിമാനിക്കുന്നു. ആ ബഹുമതി സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് 1.4 ബില്യൺ ഇന്ത്യൻ പൗരന്മാർക്കുള്ള ബഹുമാനം ആണ് ഈ പരമോന്നത ബഹുമതി എന്നാണ്. നമ്മളിൽ മിക്കവരും ആദ്യമായാവും ഒരു ഭരണാധികാരിയെ നേരിൽ കാണുന്നത്. അദ്ദേഹം കുവൈറ്റ് സന്ദർശിക്കുന്നു എന്ന് അറിഞ്ഞതു മുതൽ ഉള്ള ആകാംക്ഷ അദ്ദേഹത്തെ കണ്ട് തിരിച്ചു വരും വരേയോ , ഒരു പക്ഷേ അദ്ദേഹം മടങ്ങി പോകും വരേയോ പോയി കഴിഞ്ഞോ ഒക്കെ അങ്ങനെ തന്നെ നില്കുന്നു എന്നുള്ള യാഥാർഥ്യം ജനമനസ്സുകളിൽ എങ്ങനെ ഒരു ഭരണാധികാരി നിലനിൽക്കണം നിലനിൽക്കും എന്നതിന് ഉദാഹരണമാണ്. വന്ദേ ഭാരത മാതരം !!!! ജയ് ഹിന്ദ്