ലക്നൗ: നൂറാം ജന്മവാർഷികത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് ആദരവർപ്പിച്ച് രാജ്‌നാഥ് സിംഗ്. ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ നേതാവാണ് വാജ്പേയിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പാർലമെന്റ് മണ്ഡലമായ ലക്‌നൗവിന് വേണ്ടിയും രാജ്‌നാഥ് സിംഗ് വാജ്പേയിക്ക് ആദരവർപ്പിച്ചു. ഇതേ മണ്ഡലത്തിൽ നിന്നും എംപിയായി രാജ്യത്തിനുവേണ്ടി ദീർഘകാലം സേവനമനുഷ്ഠിച്ച മഹദ് വ്യക്തിയാണ് വാജ്പേയിയെന്നും അദ്ദേഹം ഓർത്തു.
“അടൽജി ദീർഘകാലം ലക്നൗവിൽ സേവനമനുഷ്ഠിച്ചിരുന്നു. ലക്നൗ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള എംപിയായിരിക്കെയാണ് അദ്ദേഹം പ്രധാനമന്ത്രിയായതും ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയതും. ഒരു എംപി എന്ന നിലയിൽ എന്റെ പാർലമെന്റ് മണ്ഡലത്തിനും വേണ്ടിയും അടൽ ബിഹാരി വാജ്പേയി ജിക്ക് ആദരവർപ്പിക്കുന്നു,” പ്രതിരോധമന്ത്രി പറഞ്ഞു. ഇന്ത്യയിലെ മാത്രമല്ല ലോകത്തെമ്പാടുമുള്ള ജനങ്ങൾക്ക് വാജ്‌പേയിയുടെ ലാളിത്യമുള്ള വ്യക്തിത്വം പരിചിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് (ഡിസംബർ 25 ) ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിജിയുടെ നൂറാം ജന്മവാർഷിക ദിനമാണ്. വാജ്‌പേയിയുടെ ജന്മശതാബ്ദി വർഷത്തിന്റെ സ്മരണയ്‌ക്കായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ചേർന്ന് ലക്‌നൗവിൽ ‘അടൽ യുവ മഹാ കുംഭ്’ ഉദ്‌ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.
വാജ്‌പേയിയുടെ ജന്മശതാബ്ദി ദിനമായ ഡിസംബർ 25 ‘സദ് ഭരണ ദിന’മായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോടിക്കണക്കിന് രൂപയുടെ ജനക്ഷേമ പദ്ധതികൾക്ക് തുടക്കമിടും. രാവിലെ ഡൽഹിയിലെ സദൈവ് അടലിൽ പുഷ്പാർച്ചനയും പ്രാർത്ഥനാ സഭയും നടക്കും. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.