ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് അമേരിക്കൻ ഗായിക മേരി മിൽബെൻ. തന്റെ രക്ഷകനായ യേശുക്രിസ്തുവിനെ വാഴ്‌ത്തിയതിന് അവർ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തുകയും ഇന്ത്യക്കാർക്ക് ക്രിസ്മസ് ആശംസകൾ അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനയ്‌ക്ക് പേരുകേട്ട വ്യക്തിയാണ് 42 കാരിയായ അമേരിക്കൻ ഗായിക.
ജോർജ്ജ് ഡബ്ല്യു. ബുഷ്, ബരാക് ഒബാമ, ഡൊണാൾഡ് ട്രംപ്, ജോ ബൈഡൻ എന്നീ നാല് യുഎസ് പ്രസിഡൻ്റുമാർക്കായി സംഗീത പരിപാടികൾ അവതരിപ്പിച്ച ഗായികയാണ് മിൽബെൻ. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആതിഥേയത്വം വഹിച്ച ക്രിസ്മസ് പരിപാടിയിൽ യേശുക്രിസ്തുവിനെ ആദരിച്ചതിനാണ് അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചത്.
“ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ, സ്നേഹത്തിന്റെ ഏറ്റവും വലിയ മാതൃകയും സമ്മാനവുമാണ് യേശു ക്രിസ്തു. ഇന്ത്യയിലെ കാത്തലിക് ബിഷപ്പുമാരുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് എന്റെ രക്ഷകനായ യേശുക്രിസ്തുവിനെ വാഴ്ത്തിയതിന് നന്ദി,” എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ മിൽബെൻ കുറിച്ചു. ചടങ്ങിലെ പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസയെ പരാമർശിച്ച മിൽബെൻ അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ ആഴത്തിൽ സ്പർശിച്ചുവെന്നും കൂട്ടിച്ചേർത്തു. ഇന്ത്യക്കാർക്ക് ക്രിസ്മസ് ആശംസകൾ നേർന്നാണ് അവർ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
ഇതാദ്യമായല്ല മിൽബെൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ വൈഭവത്തെ പ്രശംസിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ അവർ യഥാർത്ഥ ജനാധിപത്യ നടപടിയെന്ന് വിശേഷിപ്പിച്ചിരുന്നു. അയൽ രാജ്യങ്ങളിൽ പീഡനങ്ങൾ നേരിടുന്ന മതന്യൂനപക്ഷങ്ങൾക്ക് അഭയം നൽകിയതിന് മെൽബൻ പ്രധാനമന്ത്രിയെ പ്രശംസിച്ചു.
കഴിഞ്ഞ വർഷം ജൂണിൽ അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയെ ആദ്യമായി കണ്ട മിൽബെൻ, വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിംഗിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചിരുന്നു. തന്റെ പ്രകടനത്തിന് ശേഷം ആദര സൂചകമായി പ്രധാനമന്ത്രി മോദിയുടെ പാദങ്ങളിൽ സ്പർശിച്ചുകൊണ്ട് അവർ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റി.















