ഇസ്താംബൂൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ സ്‌ഫോടകവസ്തു പ്ലാൻ്റിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. സാധാരണക്കാരെയും മാധ്യമപ്രവർത്തകരെയും സ്ഫോടന സ്ഥലത്തിന്റെ സമീപത്ത് പോകാൻ അനുവദിച്ചിട്ടില്ല. സ്ഫോടനം നടന്നതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിൽ പ്ലാൻ്റിന് പുറത്ത് ആംബുലൻസുകൾ നിൽക്കുന്നതായും ഗ്ലാസുകളുടെയും മെറ്റലിന്റെയും കഷ്ണങ്ങൾ ചിതറിക്കിടക്കുന്നതായും കാണാം.
ബാലികേസിർ പ്രവിശ്യയിലെ കരേസി ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ 12 ജീവനക്കാർ മരിച്ചതായും നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക ഗവർണർ ഇസ്മായിൽ ഉസ്താഗ്ലു പറഞ്ഞു. ഇന്നലെ രാവിലെ 8:25 ന് നടന്നസ്ഫോടനത്തിന്റെ ശക്തിയിൽ പ്ലാന്റ് തകർന്നതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിന്റെ ഒരു ഭാഗം യുദ്ധക്കളം പോലെയാണെന്ന് ദൃക്‌സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ സ്‌ഫോടനം നടന്നതിന്റെ കാരണം അറിവായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. എന്താണ് കാരണമെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അട്ടിമറി സാധ്യത അധികാരികൾ തള്ളിക്കളഞ്ഞു, സമഗ്രമായ അന്വേഷണം ആരംഭിച്ചു.
12 സഹോദരങ്ങളുടെ മരണത്തിൽ തനിക്ക് അതിയായ ദുഖമുണ്ടെന്ന് പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ സോഷ്യൽ പ്ലാറ്റ്‌ഫോമായ എക്‌സിലെ സന്ദേശത്തിൽ പറഞ്ഞു.സ്‌ഫോടനം നടന്നയുടൻ തന്നെ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും തന്നെ വിവരമറിയിച്ചതായും “എല്ലാ വശങ്ങളിലും ആവശ്യമായ അന്വേഷണം ഉടൻ ആരംഭിക്കാൻ” നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി യുദ്ധോപകരണങ്ങളും സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും നിർമ്മിക്കുന്ന പ്ലാൻ്റ് ബാലികേസിറിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ഒരു പ്രധാന പ്രതിരോധ കയറ്റുമതിക്കാരായി മാറിയ തുർക്കിയിൽ സ്ഫോടകവസ്തു നിർമാണ ശാലയിൽ പൊട്ടിത്തെറിയുണ്ടാകുന്നത് ഇതാദ്യമല്ല.
2020ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ഒരു ബോംബ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2023ൽ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നിന്ന് 40 കിലോമീറ്റർ (25 മൈൽ) കിഴക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗമായിരുന്ന സൈനിക സ്‌ഫോടകവസ്തു ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.