സാൻ ഫ്രാൻസിസ്കോ: ബംഗ്ലാദേശിലെ ഹിന്ദുവേട്ടയിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് യുഎസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇടക്കാല സർക്കാരിന്റെ മേധാവി മുഹമ്മദ് യൂനസിനെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം ഉന്നയിച്ചത്. മതം നോക്കാതെ എല്ലാ ബംഗ്ലാദേശി പൗരന്മാരുടെയും മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു
ഹിന്ദുവംശഹത്യയ്‌ക്കെതിരെ ഇന്ത്യൻ വംശജമായ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ശ്രീ താനേദർ രംഗത്ത് വന്നിരുന്നു. യുഎസ് ഇക്കാര്യത്തിൽ മൗനം പാലിക്കരുതെന്നും മുഹമ്മദ് യൂനുസിനോട് വിഷയം ശക്തമായി ഉന്നയിക്കണമെന്നും വൈറ്റ് ഹൗസിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സള്ളിവനും യൂനസും തമ്മിലുള്ള സംഭാഷണം. അമേരിക്കയ്‌ക്ക് അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി പോരാടിയ ചരിത്രമുണ്ട്. ഈ വിഷയത്തിൽ വ്യത്യസ്ത സമീപനം പാടില്ലെന്നും താനേദാർ കഴിഞ്ഞ ആഴ്ച പറഞ്ഞു.
പ്രസിഡൻ്റ് ജോ ബൈഡൻ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡിസംബർ 13 ന് വൈറ്റ് ഹൗസ് പറഞ്ഞു. മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വൈറ്റ്ഹൗസ് ചൂണ്ടിക്കാട്ടിയിരുന്നു.