തനിക്ക് ഉണ്ടായിരുന്ന മോശം ശീലങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടൻ ആമിർ ഖാൻ. അമിതമായ പുകവലിയും മദ്യപാനവും ഉണ്ടായിരുന്നുവെന്നും ഒട്ടും അച്ചടക്കമില്ലാത്ത ജീവിത രീതിയായിരുന്നെന്നും ആമിർ ഖാൻ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ദുഃസ്വഭാവങ്ങളെ കുറിച്ച് താരം മനസുതുറന്നത്.
‘അച്ചടക്കമില്ലാത്തയാൾ’ എന്നാണ് താരം സ്വയം വിശേഷിപ്പിച്ചത്. ‘എന്റെ ജോലിയുടെ കാര്യത്തിൽ ഞാൻ അച്ചടക്കമുള്ളയാളാണ്. ഷൂട്ടിംഗിന് കൃത്യസമയത്ത് എത്താറുണ്ട്. എന്നാൽ ജീവിതത്തിൽ ഞാൻ അങ്ങനെയല്ല. പുകവലിക്കാറുണ്ട്. മുമ്പ് അമിതമായി മദ്യപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് നിർത്തി. കുടിക്കാൻ തുടങ്ങിയാൽ രാത്രി മുഴുവൻ ഇരുന്ന് കുടിക്കും. തെറ്റാണ് ചെയ്യുന്നതെന്ന് എനിക്കറിയാം. പക്ഷേ, എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാതെ വരും’.
‘ഏതെങ്കിലും ഒരു സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചാൽ എന്റെ ദുഃശീലങ്ങളൊക്കെ മാറും. വർഷത്തിൽ ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ഇപ്പോൾ വിചാരിക്കുന്നത്. അതല്ലെങ്കിൽ മൂന്ന് വർഷത്തിലൊരിക്കൽ ഒരു സിനിമ ചെയ്യുമെന്നും’ ആമിർ ഖാൻ പറഞ്ഞു.
2022-ൽ പുറത്തിറങ്ങിയ ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിലാണ് ആമിർ ഖാൻ അവസാനമായി അഭിനയിച്ചത്.