ലക്നൗ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാർഷികത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ഉത്തർപ്രദേശിലെ വാജ്പേയ് സ്മാരകത്തിലാണ് പുഷ്പാഞ്ജലി അർപ്പിച്ചത്. ഉപമുഖ്യമന്ത്രിമാരായ കെപി മൗര്യ, ബ്രജേഷ് പഥക് എന്നിവരും വാജ്പേയിയ്‌ക്ക് പുഷ്പാഞ്ജലി അർപ്പിച്ചു.
ഇന്ത്യൻ രാഷ്‌ട്രീയത്തിലെ മഹാനായ ചിന്തകനാണ് അടൽ ബിഹാരി വാജ്പേയിയെന്ന് രാജ്നാഥ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭാരതത്തിന്റെ യശസിനും വികസനത്തിനും വേണ്ടി ജീവിതം സമർപ്പിച്ച, ഭാരതമാതാവിന്റെ പുത്രനാണ് അദ്ദേഹം. വാജ്പേയിയുടെ ജന്മവാർഷികം രാജ്യമെമ്പാടും ആഘോഷിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഡൽഹിയിലെ സദൈവ് അടൽ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാഞ്ജലി അർപ്പിച്ചിരുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരും ആദരം അർപ്പിച്ചു.