അസ്താന: കസാക്കിസ്ഥാനിലെ വിമാനാപകടത്തിൽ 25 പേർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. നിലംപൊത്തിയതിന് പിന്നാലെ പൊട്ടിത്തെറിച്ച വിമാനത്തിൽ 67 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 25 പേരെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞെന്നാണ് വിവരം. ഇവരിൽ 11ഉം 16ഉം പ്രായമുള്ളവരടക്കം 5 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. അപകടത്തിൽ 42 പേർ മരിച്ചതായി കസാക്കിസ്ഥാനിലെ എമർജൻസീസ് മന്ത്രാലയം അറിയിച്ചു.
ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോയ വിമാനം കസാക്കിസ്ഥാനിലെ അക്തൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കുത്തനെ പതിക്കുകയായിരുന്നു. നിലംതൊട്ട ഉടൻ തന്നെ വിമാനം തീഗോളമാകുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ ദൃശ്യങ്ങൾ പ്രദേശവാസികൾ പകർത്തുകയും എക്സിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഗ്രോസ്നിയിലേക്ക് പോയ വിമാനം എന്തുകൊണ്ടാണ് എമർജൻസി ലാൻഡിംഗിന് ശ്രമിച്ചതെന്ന കാര്യം വ്യക്തമല്ല. എയർപോർട്ടിന് മൂന്ന് കിലോമീറ്റർ മാറിയാണ് വിമാനം പതിച്ചത്. സംഭവസ്ഥലത്തേക്ക് ഉടനെത്താൻ രക്ഷാദൗത്യ സംഘത്തിന് സാധിച്ചിരുന്നു.
അപകടത്തിന് മുന്നോടിയായി വിമാനം ആകാശത്ത് വട്ടമിട്ട് പറന്നിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അടിയന്തര ലാൻഡിംഗിന് അനുമതി തേടിയുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് തകർന്നുവീണതെന്ന് അക്തൗ എയർപോർട്ട് അധികൃതർ പറയുന്നു. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.