നടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ക്രിസ്മസ് ദിനത്തിൽ തിയേറ്ററുകളിൽ എത്തി. കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ത്രീഡി സിനിമയാണ് നടൻ ആദ്യമായി ഒരുക്കിയത്. അതിനാൽ തന്നെ സിനിമയുടെ പ്രമോഷൻ ചടങ്ങിൽ കുട്ടികളുടെ നിറസാന്നിധ്യവുമുണ്ട്. ‘ബറോസും ആയിരം കുട്ടികളും’ ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങിൽ നടൻ തന്റെ സ്കൂൾ കാലത്തെ ഓർമകളും പങ്കുവെച്ചിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യാപകൻ ആരാണ്? പത്താം ക്ലാസിൽ ലാലേട്ടന് എത്ര മാർക്ക് ഉണ്ടായിരുന്നു’ തുടങ്ങിയ ചോദ്യങ്ങളും കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടായി.
സ്കൂൾ കാലത്ത് അത്യാവശ്യം കുറുമ്പൊക്കെയുണ്ടെങ്കിലും ആർക്കും ഉപദ്രവുമൊന്നും ഉണ്ടാക്കാത്ത കുട്ടിയായിരുന്നു. അതിനാൽ തന്നെ സ്കൂളിൽ ഉണ്ടായിരുന്ന ടീച്ചർമാർക്ക് തന്നെ ഇഷ്ടമായിരുന്നുവെന്നും നടൻ പറഞ്ഞു. പത്ത് ക്ലാസിലെ മാർക്കിനെ കുറിച്ചുള്ള ചോദ്യത്തിന് നടന്റെ മറുപടി ഇങ്ങനെ:
“പത്താം ക്ലാസിൽ എത്രമാർക്ക് കിട്ടിയെന്ന് കറക്റ്റായി ഓർമയില്ല. എന്തായാലും പത്ത് ജയിച്ചിരുന്നു. അന്നത്തെ കാലത്ത് ജയിക്കാൻ 310 മാർക്ക് വേണം. എനിക്ക് ഒരു 360 മാർക്ക് ഉണ്ടായിരുന്നു. അന്ന് ഇന്നത്തെ പോലെ പ്ലസ്ടു അല്ലല്ലോ. പത്താം ക്ലാസ് കഴിഞ്ഞാൽ നേരെ കോളേജിലേക്കാണ്. പഠിപ്പിച്ച അദ്ധ്യാപകരെയെല്ലാം ഇഷ്ടമാണെന്നും ചിലരെ ഇടയ്‌ക്ക് കാണാറുണ്ടെന്നും” മോഹൻലാൽ കൂട്ടിച്ചേർത്തു.