മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസ് കണ്ട് കണ്ണുനിറഞ്ഞ് സുചിത്ര മോഹൻലാൽ. എല്ലാവരുടെയുള്ളിലും ഒരു കുട്ടിയുണ്ടെന്നും ആ കുട്ടിക്ക് ബറോസ് തീർച്ചയായും ഇഷ്ടമാകുമെന്നും സുചിത്ര പ്രതികരിച്ചു. ബറോസ് കണ്ടിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. നടൻ മേജർ രവിയോടൊപ്പമാണ് സുചിത്ര ബറോസ് കാണാനെത്തിയത്.
“സിനിമ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഫാന്റസി സിനിമയായതുകൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാകും. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടും. അത് അങ്ങനെ തന്നെയാകട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്. പ്രണവും സിനിമ കണ്ടിട്ടുണ്ട്. അവനും നന്നായി ഇഷ്ടമായെന്ന് പറഞ്ഞു. എല്ലാവരുടെയും ഉള്ളിലുള്ള ആ കുട്ടിക്ക് സിനിമ നന്നായി ഇഷ്ടമായെന്നാണ് പലരും പറയുന്നത്”.
ഇനിയും മോഹൻലാൽ സംവിധാനം ചെയ്യുന്ന സിനിമകൾ വരണ്ടേയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് രസകരമായാണ് സുചിത്ര മറുപടി പറഞ്ഞത്. “അഭിനയിക്കുമ്പോൾ തന്നെ അദ്ദേഹത്തെ കാണാൻ കിട്ടുന്നില്ല. ഒരുപാട് നാൾ വീട്ടിൽ നിന്ന് മാറിനിൽക്കാറുണ്ട്. ബറോസിന്റെ ആദ്യം മുതൽ റിലീസ് ചെയ്യുന്ന ദിവസം വരെ അദ്ദേഹം മാറിയാണ് നിന്നത്. അത് ആലോചിക്കുമ്പോൾ ഇനി സിനിമ വേണ്ടെന്ന് തോന്നും”- എന്നായിരുന്നു സുചിത്രയുടെ പ്രതികരണം.