എംടിയുടെ വിയോഗത്തിൽ അനുസ്മരിച്ച് മോഹൻലാൽ. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അവസാനമായി ഒരുനോക്ക് കാണാൻ കോഴിക്കോട് ‘സിതാര’യിലെത്തിയതായിരുന്നു ലാൽ. എംടിയുമായുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് മോഹൻലാൽ വാചാലനായി. ഒട്ടേറെ നല്ല കഥാപാത്രങ്ങൾ എംടിയിലൂടെ തനിക്ക് ലഭിച്ചുവെന്നും ലാൽ അനുസ്മരിച്ചു.
“ഒരുപാട് വർഷത്തെ ബന്ധം.. എന്റെ സിനിമാജീവിതത്തിൽ ഏറ്റവും നല്ല കഥാപാത്രങ്ങൾ നൽകിയ വ്യക്തി.. അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാനും സാധിച്ചു.. ഓളവും തീരവും സെറ്റിലേക്ക് അദ്ദേഹം വരികയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്റെ നാടകങ്ങൾ കാണാൻ അദ്ദേഹം ബോംബെയിൽ വരികയുമൊക്കെ ചെയ്തിട്ടുണ്ട്.
ഞാനെന്തുപറയാനാണ്.. മലയാളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന സാഹിത്യകാരൻ, ചലച്ചിത്രകാരൻ.. അദ്ദേഹത്തിന്റെ തൂലികയിലൂടെ സൃഷ്ടിച്ചെടുത്ത ഒരുപാട് നല്ല കഥാപാത്രങ്ങൾ അഭിനയിക്കാൻ സാധിച്ചു..” മോഹൻലാൽ തന്റെ വാക്കുകൾ ചുരുക്കി. എംടിയുടെ വിയോഗ വാർത്തയറിഞ്ഞ് പുലർച്ചെ 4.45ഓടെ മോഹൻലാൽ സിതാരയിൽ എത്തിയിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു മലയാളത്തിന്റെ ഇതിഹാസം എംടി വാസുദേവൻ നായർ അന്തരിച്ചത്. എഴുത്തിന്റെ പെരുന്തച്ചനെ കോഴിക്കോടുള്ള വീട്ടിലേക്ക് അന്ത്യദർശനത്തിനായി എത്തിച്ചു. എംടിയുടെ ആഗ്രഹപ്രകാരമാണ് പൊതുദർശനം ഒഴിവാക്കിയത്. കൊട്ടാരം റോഡിലെ വസതിയായ സിതാരയിൽ വൈകിട്ട് 4 മണി വരെ അന്തിമോപചാരം അർപ്പിക്കാം. അഞ്ച് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. വ്യാഴാഴ്ച പുലർച്ചെ മുതൽ സാംസ്കാരിക കേരളം സിതാരയിലേക്ക് ഒഴുകുകയാണ്.
ഒരു മലയാളി, ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു പുസ്തകം വായിച്ചിട്ടുണ്ടെങ്കിൽ അത് എംടിയുടേതായിരിക്കുമെന്ന് പലരും പറയാറുണ്ട്. കാരണം എംടിയോളം മലയാളിയെ സ്വാധീനിച്ച മറ്റൊരു എഴുത്തുകാരൻ കേരളമണ്ണിലുണ്ടായിട്ടില്ല!! മലയാളത്തിന്റെ പുണ്യത്തിന് മലയാളി വിട പറയുമ്പോൾ അദ്ദേഹത്തെ അനുസ്മരിക്കുന്ന ഓരോരുത്തർക്കും വാക്കുകൾ മുറിഞ്ഞുപോവുകയാണ്..















