എംടി വാസുദേവൻ നായരും നടൻ മോഹൻലാലും തമ്മിലുള്ള ബന്ധം മലയാളികൾക്ക് സുപരിചിതമാണ്. എംടിയുടെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മോഹൻലാൽ വളരെ ആഴത്തിലുള്ള അടുപ്പമായിരുന്നു അദ്ദേഹവുമായി പുലർത്തിയിരുന്നത്. ഏറ്റവുമൊടുവിൽ രണ്ടാമൂഴം സിനിമയാകുമെന്ന ചർച്ചകൾ ഉയർന്നപ്പോഴും അതിൽ മോഹൻലാലുണ്ടായിരുന്നു. ഇന്നലെ രാത്രി എംടി വിടവാങ്ങിയതിന് ശേഷം പുലർച്ചെ അഞ്ച് മണിയോടെ തന്നെ മോഹൻലാൽ സിതാരയിലെത്തി അദ്ദേഹത്തെ അവസാനമായി കണ്ടുമടങ്ങി. സിതാരയ്‌ക്ക് പുറത്ത് മോഹൻലാൽ എത്തിയപ്പോൾ മൈക്കുകൾ നീട്ടി പ്രതികരണമാരാഞ്ഞ മാദ്ധ്യമങ്ങളോട്, ഞാനെന്തുപറയാനാണ്………….. എന്നായിരുന്നു ലാലിന്റെ മറുപടി. ഇപ്പോൾ ഫെയ്സ്ബുക്കിലൂടെ ഹൃദയാർദ്രമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.
“മഴ തോർന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോൾ എന്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്നൊക്കെ എന്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ.. .
എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ?
മലയാളത്തിന്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക?
വേദനയോടെ, പ്രാർഥനകളോടെ…”
എംടിയെന്ന രണ്ടക്ഷരം മലയാളത്തിലെ എല്ലാ അക്ഷരങ്ങൾക്കും തുല്യമാകും വിധ സമാനതകളില്ലാത്ത സാഹിത്യസംഭാവനകൾ നൽകിയ അതുല്യപ്രതിഭയാണ് ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. മലയാളത്തിൽ എഴുതപ്പെട്ട സാഹിത്യങ്ങൾ ഒന്നുംതന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ മതിയാകാതെ വരുമെന്നതാണ് യാഥാർത്ഥ്യം. മലയാളഭാഷയെ അത്രമേൽ നെഞ്ചേറ്റിയ എഴുത്തുകാരന് അന്ത്യാദരമേകുകയാണ് സാംസ്കാരിക കേരളം.















