തിരുവനന്തപുരം: അലറിയടുത്ത മരണത്തിരമാലകൾ ആയിരങ്ങളുടെ ജീവൻ കവർന്ന സുനാമി ദുരന്തം സംഭവിച്ചിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുന്നു. 2004 ഡിസംബർ 25 ന്റെ പിറ്റേന്ന് ഒരു ക്രിസ്മസ് ദിനത്തിന്റെ ആഘോഷങ്ങൾ അവസാനിക്കും മുൻപ് രംഗബോധമില്ലാതെയെത്തിയ ദുരന്തം. ഇന്ത്യയുൾപ്പെടെ 15 രാജ്യങ്ങളിൽ ആഞ്ഞടിച്ച സുനാമി കവർന്നത് രണ്ടേകാൽ ലക്ഷത്തിലധികം ജീവനുകൾ.
ഇൻഡോനേഷ്യൻ തീരത്തെ സുമാത്ര ദ്വീപുകൾക്ക് സമീപം ആഴക്കടലിൽ റിക്ടർ സ്‌കെയിലിൽ 9.1 മുതൽ 9.3 വരെ തീവ്രത രേഖപ്പെടുത്തി പ്രകമ്പനം സൃഷ്ടിച്ച ഭൂചലനമാണ് സുനാമി തിരകൾക്ക് വഴിവെച്ചത്. ഏഷ്യയിൽ രേഖപ്പെടുത്തിയതിൽ വെച്ചേറ്റവും ശക്തിയേറിയ ഭൂചലനമായിരുന്നു ഇത്. 21 ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായതും. അന്നുവരെ കണ്ടിട്ടില്ലാത്ത കടലിന്റെ രൗദ്രഭാവമായിരുന്നു അത് ലോകത്തിന് കാട്ടിത്തന്നത്. കേരളത്തിന്റെ തീരമേഖലയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും ആൻഡമാൻ നിക്കോബാർ ദ്വീപിലും ഉൾപ്പെടെ ആ രാക്ഷസത്തിരമാലകൾ സംഹാരതാണ്ഡവമാടി.
10 നിലയുളള കെട്ടിടത്തിന്റെ അത്ര ഉയരത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങിയെന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ അതിന്റെ രൂക്ഷത സങ്കൽപിക്കാവുന്നതിലും അപ്പുറമാണെന്ന് മനസിലാക്കാം. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് മുന്നിലുള്ളതെല്ലാം കടലെടുത്ത കാഴ്ച. കൊല്ലവും ആലപ്പുഴയും കടന്ന് കൊച്ചി വരെയുള്ള കേരളത്തിന്റെ തെക്കൻ തീരങ്ങളിലാണ് ആ രാക്ഷസതിരമാലകൾ തീരജനതയെ വിഴുങ്ങി അതിന്റെ സംഹാരരൂപം പ്രകടിപ്പിച്ചത്.
ഇന്ത്യയിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ആഞ്ഞടിച്ച സുനാമിയിൽ 18,000 ത്തോളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. തമിഴ്നാട്ടിൽ മാത്രം 7,798 പേർ മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്കുകൾ. കൊല്ലം ജില്ലയിൽ മാത്രം 100 ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.
ഇന്തോനേഷ്യയിൽ മാത്രം 1.5 ലക്ഷത്തോളം ആളുകളും ശ്രീലങ്കയിൽ 35,000ത്തോളം ആളുകളും മരിച്ചെന്നാണ് ഔദ്യോഗികമായ കണക്കുകൾ. ലോകത്താകമാനം 25 ലക്ഷത്തോളം ആളുകളാണ് സുനാമി ദുരന്തത്തിന് ഇരയായത്. അതുവരെ പരിചിതമല്ലാതിരുന്ന സുനാമി എന്ന വാക്കിനെ അന്ന് മുതലാണ് ഭീതിയോടെയും ഭയത്തോടെയും ലോകം കാണാൻ തുടങ്ങിയത്.
തുറമുഖം എന്ന് അർത്ഥമാക്കുന്ന ടി എസ് യു എന്ന മൂന്നക്ഷരം സൂചിപ്പിക്കുന്ന സു എന്ന വാക്കും തിരമാല എന്നർത്ഥം വരുന്ന നാമി എന്ന ജപ്പാൻ വാക്കുകളും ചേർന്നാണ് ഭീമൻ തിരമാലകൾക്ക് സുനാമി എന്ന പേര് വന്നത്.