കേരളാ പൊലീസ് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് മുരളി തുമ്മാരുകുടി. പൊലീസിന് ‘മാസ്’ പരിവേഷം നൽകുന്ന പോസ്റ്റിലെ ഉള്ളടക്കത്തിലുള്ള അപകടമാണ് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടിയത്. കാട്ടാനയോട് റോഡ് മുറിച്ച് കടക്കാൻ നിർദേശിക്കുന്ന പൊലീസ് ഓഫീസറുടെ ‘ധീരമായ’ ചിത്രമായിരുന്നു കേരളാ പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തിരിഞ്ഞോടി ശീലമില്ല, നെഞ്ചും വിരിച്ച് നിന്നിട്ടേയുള്ളൂ എന്ന തലക്കെട്ടും നൽകിയിരുന്നു. ഇതിനെയാണ് മുരളി തുമ്മാരുകുടി വിമർശിച്ചത്.
ദുരന്തമുഖത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്താൻ തോന്നുമെങ്കിലും അത് പ്രൊഫഷണലായ രീതിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയായ സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാർഗരേഖകൾ അനുസരിച്ച് ചെയ്യേണ്ട ഒന്നാണ് രക്ഷാദൗത്യം. ഇക്കാര്യത്തിൽ ധൈര്യമല്ല ‘നൈപുണ്യ’മാണ് പ്രധാനമെന്നും തുമ്മാരുകുടി ഓർമിപ്പിച്ചു.
രക്ഷാപ്രവർത്തനമെന്ന വിഷയത്തിൽ പൊലീസുകാർക്ക് പ്രൊഫഷണലിസം ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് കേരളാ പൊലീസിന്റെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടുവർഷം മുൻപ് ഇതുപോലെ കാട്ടാനയെ ശാസിച്ചുവിടുന്ന ഫോറസ്റ്റുദ്യോഗസ്ഥന്റെ വാർത്ത വൈറലായിരുന്നു, ഇന്ന് ആ ഉദ്യോഗസ്ഥൻ ജീവനോടെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗത്തോട് ഇടപെടുമ്പോൾ നിർബന്ധമായും മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പോടെയാണ് മുരളി തുമ്മാരുകുടി തന്റെ വാക്കുകൾ ഉപസംഹരിക്കുന്നത്.
തെറ്റായ പ്രചോദനം നൽകുന്ന കേരളാ പൊലീസിന്റെ പോസ്റ്റിനെതിരെ വിമർശനങ്ങൾ കടുക്കുകയാണ്. പൊലീസിന്റെ വിവാദപോസ്റ്റും, തുമ്മാരുകുടിയുടെ വിമർശന പോസ്റ്റും ചുവടെ..















