ഹൈദരാബാദ്: അല്ലു അർജ്ജുന്റെ അറസ്റ്റിന് പിന്നാലെ ഇടഞ്ഞ തെലുങ്ക് സിനിമാ മേഖലയെ അനുനയിപ്പിക്കാൻ കോൺഗ്രസ്. നിർമാതാക്കളും നടന്മാരും ഉൾപ്പെടെ തെലുങ്കു സിനിമയിലെ പ്രമുഖരുമായി തെലങ്കാന മുഖ്യമന്ത്രി രെവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തി. സിനിമാ വ്യവസായത്തിന്റെ വികസനവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് സർക്കാർ വാദം.
ആരാധകരെ നിയന്ത്രിക്കാൻ സിനിമാ രംഗത്തുള്ളവർ തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. അല്ലു അർജ്ജുന്റെ പുഷ്പ 2 പ്രീമിയറിനിടെ ഹൈദരാബാദിലെ തിയറ്ററിൽ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിക്കുകയും ഇവരുടെ മകന് പരിക്കേൽക്കുകയു ചെയ്തിരുന്നു. ഇതിന്റെ പേരിൽ അല്ലു അർജ്ജുനെതിരെ കേസെടുത്തതിന് പിന്നാലെ പൊലീസ് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോൺഗ്രസിന്റെ രാഷ്‌ട്രീയലക്ഷ്യമാണ് നീക്കത്തിന് പിന്നിലെന്ന വിമർശനം നിലനിൽക്കെയാണ് സിനിമാ രംഗത്തുള്ളവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
ഇത്തരം സന്ദർഭങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് കൈക്കൊള്ളേണ്ടതെന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രമസമാധാന പാലനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സർക്കാരിനാകില്ലെന്ന നിലപാടും മുഖ്യമന്ത്രി അറിയിച്ചു.
അല്ലു അർജ്ജുന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെലുങ്ക് സിനിമാ മേഖലയിൽ നിന്നുൾപ്പെടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പല താരങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ച് പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. അറസ്റ്റിന് പിന്നാലെ താരത്തിന്റെ ആരാധകരും സർക്കാരിനെതിരെ തിരിഞ്ഞു. ഈ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ രാഷ്‌ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
പ്രശ്‌നങ്ങൾ ചർച്ച ചെയ്തതായും സർക്കാരിന്റെ പിന്തുണ ഉറപ്പു നൽകിയതായും രെവന്ത് റെഡ്ഡി കൂടിക്കാഴ്ചയ്‌ക്ക് ശേഷം എക്‌സിലൂടെ അറിയിച്ചു. ഉപമുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമാർക്ക, സിനിമാ മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ ദിൽ രാജു തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. അതിനിടെ യോഗം നടന്ന വേദിക്ക് പുറത്ത് പ്രതിഷേധവുമായി ഒരാൾ രംഗത്തെത്തിയത് പൊലീസിനെയും ആശയക്കുഴപ്പത്തിലാക്കി. ജൂനിയർ ആർട്ടിസ്റ്റ് എന്ന് അവകാശപ്പെട്ടെത്തിയ ആളാണ് പ്രതിഷേധമുയർത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.















