പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറും ഫ്രീലാൻസ് റേഡിയോ ജോക്കിയുമായിരുന്ന സിമ്രാൻ സിംഗ് മരിച്ച നിലയിൽ. ആത്മഹത്യയെന്ന പൊലീസിന്റെ വാദം തള്ളുന്ന കുടുംബം മരണത്തിൽ ദുരൂഹത ആരോപിക്കുന്നു. ഇവരെ പാർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രാഥമിക നിഗമനത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ആത്മഹത്യ കുറിപ്പൊന്നും സ്ഥലത്ത് നിന്ന് കിട്ടിയിട്ടില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു.
ജമ്മുകശ്മീർ സ്വദേശിനിയായ 25-കാരിക്ക് ഇൻസ്റ്റഗ്രാമിൽ ഏഴ് ലക്ഷത്തിലേറെ ആരാധകരുണ്ടായിരുന്നു. ഗുരുഗ്രാമിൽ ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്ന സെക്ടർ 47 അപ്പാർട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ച സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. ജമ്മുവിന്റെ ഹൃദയമിടിപ്പെന്നാണ് ഇവരെ ആരാധകർ സോഷ്യൽ മീഡിയയിൽ വിളിച്ചിരുന്നത്. ഡിസംബർ 13-നായിരുന്നു സിമ്രാന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്.