ബഹ്റൈൻ; മലയാളത്തിന്റെ കരുത്തുറ്റ സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങി കൈവെച്ച എല്ലാ മേഖലകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ആധുനിക മലയാള സാഹിത്യ രചയിതാവാണ് എംടിയെന്ന് നിസംശയം പറയാനാകുമെന്നും അദേഹത്തിന്റെ നിര്യാണം കേരളാ സാഹിത്യത്തിന് തീരാനഷ്ടമാണെന്നും അസോസിയേഷൻ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അനുശോചനകുറിപ്പിൽ അഭിപ്രായപ്പെട്ടു.
ഇരുപതിമൂന്നാം വയസിൽ എഴുതിയ ‘നാലുകെട്ട്’ എന്ന നോവലിന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊണ്ടാണ് അദ്ദേഹം തന്റെ സാഹിത്യ രചനകളുടെ തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് എഴുതിയ പല നോവലുകളും മലയാള സാഹിത്യത്തിന്റെ വഴിത്തിരുവുകളായിരുന്നു എന്നും അദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യലോകത്ത് കനത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നും ജനറൽ സെക്രട്ടറി അനിൽ പിള്ള തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
രണ്ടാമൂഴം, മഞ്ഞുകാലം, അസുരവിത്ത് എന്നീ നോവലുകളിലൂടെ മലയാളത്തിന്റെ കത്തിജ്വലിക്കുന്ന സാഹിത്യകാരനായി മാറിയ എം.ടിയുടെ ആദ്യസംവിധാനത്തിൽ ഇറങ്ങിയ നിർമ്മാല്യം എന്ന ചിത്രത്തിന് രാഷ്‌ട്രപതിയുടെ സ്വർണപ്പതക്കം ലഭിച്ചത് ഓർമിച്ചുകൊണ്ട് ലേഡീസ് വിംഗ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി ലേഡീസ് വിംഗ് പ്രസിഡന്റ് രമ സന്തോഷ് അനുശോചനം രേഖപ്പെടുത്തി.
നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കെ. എസ്. സി. എ. വൈസ് പ്രസിഡന്റ് അനിൽ യു കെ, അസിസ്റ്റന്റ് സെക്രട്ടറി, സതീഷ്, ട്രെഷറെർ, അരുൺകുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി, മനോജ്, മെമ്പർഷിപ്പ്് സെക്രട്ടറി, അനൂപ് പിള്ള, സ്‌പോർട്‌സ് ആൻഡ് ഗെയിംസ് സെക്രട്ടറി, സുജിത്, ഇന്റേണൽ ഓഡിറ്റർ, അജീഷ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.