എറണാകുളം; കേരളത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കണമെന്ന് എറണാകുളത്ത് ചേർന്ന ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃയോഗം സർക്കാരിനോടാവശ്യപ്പെട്ടു. രാജ്യസുരക്ഷയേക്കാൾ രാഷ്‌ട്രീയ താൽപര്യമാണ് കേരള സർക്കാർ പരിഗണിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
നിയമവിരുദ്ധമായി ബംഗ്ലാദേശിലെ അനവധി പൗരൻമാർ കേരളം താവളമാക്കി കഴിയുന്നുണ്ട്. അവർ അഭയാർത്ഥികളായി വന്നവരല്ല. ഇവരുടെ സാന്നിധ്യം കേരളത്തിന്റെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കുന്നതാണ്. കാസർകോട് നിന്ന് അൽഖ്വായ്ദ അംഗമായ ഒരു ബംഗ്ലാദേശി പൗരനെ അറസ്റ്റ് ചെയ്ത സംഭവം ഇതിന് ഉദാഹരണമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ക്ഷേത്രോത്സവങ്ങളെ തടസ്സപ്പെടുത്തുന്ന നടപടികൾ പല ഭാഗത്ത് നിന്നും ഉയർന്ന് വരുന്നതിൽ സംസ്ഥാന നേതൃയോഗം ആശങ്ക പ്രകടിപ്പിച്ചു. ഇതിനെ സംബന്ധിച്ചുള്ള കോടതികളുടെ ഇടപെടൽ യാഥാർത്ഥ്യ ബോധത്തോടെയുള്ളതല്ല എന്ന പരമോന്നത നീതിന്യായ പീഠത്തിന്റെ അഭിപ്രായം പ്രത്യേകം ശ്രദ്ധാർഹമാണ്. ക്ഷേത്രാചാരങ്ങളെ പരിഹസിച്ച് പരാമർശം നടത്തിയ കേരള ഹൈക്കോടതിക്കുള്ള താക്കീതായിരുന്നു സുപ്രീം കോടതി വിധിയെന്ന് യോഗം അഭിപ്രായപ്പെട്ടു.
ക്ഷേത്ര എഴുന്നെള്ളിപ്പിൽ ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്നു വരുന്ന ഗാർഡ് ഓഫ് ഓണർ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് കാലങ്ങളായി നടന്ന് വന്ന കോടതി വിളക്ക് ആ പേരിൽ തന്നെ നടത്തുന്നത് തുടരണം. രാത്രി പത്ത് മണിക്ക് ശേഷം ക്ഷേത്രോത്സവങ്ങളിൽ മൈക്ക് ഉപയോഗിക്കാൻ അനുവാദം നിഷേധിക്കുന്നത് ഉത്സവ പരിപാടികളെ ബാധിക്കുന്നുണ്ട്. ഈ നിയന്ത്രണത്തിൽ ഇളവ് വരുത്താൻ സർക്കാർ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരളത്തിൽ മതാടിസ്ഥാനത്തിൽ നൽകുന്ന സംവരണം അവസാനിപ്പിക്കണമെന്ന് സംസ്ഥാന കാര്യാദ്ധ്യക്ഷൻ വത്സൻ തില്ലങ്കേരി സമാപന പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു. ഹിന്ദു പിന്നാക്ക വിഭാഗങ്ങളുടെ സംവരണ അവകാശം കുത്തിക്കവർന്നെടുക്കാൻ മുസ്ലീം ലീഗാണ് നേതൃത്വം നൽകുന്നത്. ഹിന്ദു പിന്നാക്ക സംഘടനകൾ ഇക്കാര്യം തിരിച്ചറിയണം. തികഞ്ഞ വർഗീയ സമുദായ താൽപര്യം മാത്രമാണ് ലീഗിനുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രവാദം തന്നെയാണ് ലീഗ് ഉള്ളിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയോദ്ധ്യയിൽ തർക്കമന്ദിരം തകർക്കപ്പെട്ടതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ നിരപരാധികളായ 5 ഹിന്ദുക്കളാണ് കൊല്ലപ്പെട്ടത്. മുസ്ലീംലീഗിനെ വെള്ള പൂശാൻ ശ്രമിക്കുന്നവർ സത്യം കണ്ടില്ലെന്ന് നടിക്കുകയാണ്. ഹിന്ദുക്കളുടെ കൂട്ടായ പ്രതികരണം രാഷ്‌ട്രീയ കേരളത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കുന്നതിന്റെ ഉദാഹരണമാണ് പൂരാഘോഷം മുടക്കുന്ന കോടതി വിധിക്കെതിരായി ഇടത് വലത് മുന്നണികൾ മത്സരിച്ച് രംഗത്തിറങ്ങിയ സംഭവമെന്നും വത്സൻ തില്ലങ്കേരി ചൂണ്ടിക്കാട്ടി.
സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി. ബാബു അദ്ധ്യക്ഷത വഹിച്ച യോഗം മുഖ്യരക്ഷാധികാരി കെ പി ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു. സമ്പർക്ക അധികാരി കെ ബി ശ്രീകുമാർ, കെ.പി. ഹരിദാസ്, പി. സുധാകരൻ , മഞ്ഞപ്പാറ സുരേഷ്, കെ ഷൈനു, പി.വി മുരളിധരൻ, ശ്രീധരൻ, സി. ബാബു, വി.സുശികുമാർ എന്നിവർ പ്രസംഗിച്ചു.