കലാകാരന്മാർക്ക് മാത്രമല്ല, മലയാള ഭാഷയ്‌ക്ക് തന്നെ തീരാദുഃഖമാണ് എംടി വാസുദേവൻ നായരുടെ വിയോഗമെന്ന് നടൻ വിനീത്. ആചാര്യനായ, എന്റെ ഗുരുസ്ഥാനത്തുള്ള വ്യക്തിയാണ് അദ്ദേഹമെന്നും പൂർണ ആശിർവാദത്തോടെ എന്നെ സിനിമയിൽ പരിചയപ്പെടുത്തിയ ഗുരുനാഥനാണെന്നും വിനീത് പറഞ്ഞു. സിതാരയിലെത്തി, എംടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിനീത്.
“എംടി സാറിന്റെ ആശിർവാദവും അനുഗ്രഹവും കൊണ്ടാണ് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് ഞാൻ വളർന്നത്. എംടി സാറിന്റെ എട്ട് സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി”.
“ഓരോ സിനിമകളും എനിക്ക് ഓരോ അനുഭവങ്ങളാണ് തന്നത്. ഇന്ന് ആ ചിത്രങ്ങൾ കാണുമ്പോൾ ഞങ്ങളൊക്കെ എത്രത്തോളം ഭാഗ്യം ചെയ്തവരാണെന്ന് തോന്നിപോകും. എവിടെ വച്ച് കണ്ടാലും മക്കളെ പോലെ വാത്സല്യത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. അത് തന്നെയാണ് എന്നെ പോലെയുള്ള കലാകാരന്മാരുടെ ശക്തിയും പ്രചോദനവും. അദ്ദേഹം എന്നും ഞങ്ങളുടെ മനസുകളിൽ ഉണ്ടായിരിക്കും”.
അദ്ദേഹത്തിന്റെ കൃതികളിലൂടെയും സൃഷ്ടികളിലൂടെയും ലോകമെമ്പാടുമുള്ള മലയാളികളുടെ മനസിൽ അദ്ദേഹമുണ്ടായിരിക്കും. തീരാനഷ്ടവും ദുഃഖവുമാണ് തങ്ങൾക്കെന്നും വിനീത് പറഞ്ഞു.
എംടി തിരക്കഥ എഴുതിയ ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചാണ് വിനീത് മലയാളികൾക്ക് സുപരിചിതനായത്. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോനിഷയായിരുന്നു നായിക.
Leave a Comment