സന: യെമനിൽ ഹൂതി വിമതരുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം. തലസ്ഥാനമായ സനയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും അതിനോട് ചേർന്ന അൽ ദെയ്‌ലാമി സൈനിക താവളത്തിലുമുൾപ്പെടെയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഇറാനിൽ നിന്നുള്ള ആയുധക്കടത്തിന് മറയാക്കുന്ന സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യം വെച്ചതെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കി. സന അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സൈനിക കേന്ദ്രം ഹൂതി വിമതർ ആക്രമണങ്ങൾക്ക് ഉപയോഗിച്ചിരുന്നതായും അതിനാലാണ് ഇവിടം ലക്ഷ്യമിട്ടതെന്നും ഇസ്രായേൽ സൈന്യം ചൂണ്ടിക്കാട്ടി.
സനയിലെ വിമാനത്താവളത്തിന്റെ റൺവേയ്‌ക്ക് സമീപമാണ് അൽ ദെയ്‌ലാമി സൈനിക താവളം. തുറമുഖ നഗരമായ ഹുദെയ്ദയിലെ വൈദ്യുത നിലയത്തിന് നേർക്കും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഹെസ് യാസ് റാസ് ഖനാതിബ് പവർ സ്റ്റേഷനുകളിലും ആക്രമണം നടത്തിയതായി സൈന്യം സ്ഥിരീകരിച്ചു. പടിഞ്ഞാറൻ യെമൻ തീരത്തെ സാലിഫ്, റാസ് ഖനാതിബ് തുറമുഖങ്ങളും ലക്ഷ്യമിട്ടതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
ശനിയാഴ്ച ഹൂതി വിമതർ തൊടുത്ത മിസൈൽ ടെൽ അവീവിലെ പൊതുപാർക്കിൽ പതിച്ച് 30 ഓളം ഇസ്രായേൽ പൗരൻമാർക്ക് പരിക്കേറ്റിരുന്നു. 2023 ഒക്ടോബറിൽ ഗാസയിൽ പോരാട്ടം ആരംഭിച്ചപ്പോൾ മുതൽ ഒളിഞ്ഞും തെളിഞ്ഞും ഹൂതി വിമതർ ഹമാസ് ഭീകരരെ സഹായിക്കാനായി മിസൈലും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രായേലിന് നേരെ ആക്രമണം നടത്തി വരികയായിരുന്നു. ഇസ്രായേലിന്റെ പ്രദേശങ്ങളിലേക്ക് നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ തുടർന്നാണ് ഹൂതി വിമതരുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി.