തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാതെ ഇനി ചെരുപ്പ് ധരിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. അണ്ണാ സർവകലാശാല ക്യാമ്പസിൽ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം നയിക്കുന്നതിനിടെയാണ് അദ്ധ്യക്ഷന്റെ പ്രഖ്യാപനം.
നാളെ, ഞാൻ എന്റെ വീടിന് മുന്നിൽ പ്രതിഷേധിക്കും. അവിടെ വച്ച് ആറുതവണ ചാട്ടവാറു കൊണ്ട് അടിയേറ്റ് വാങ്ങും. നാളെ മുതൽ 48 മണിക്കൂർ ആഹാരമില്ലാതെ വ്രതമെടുത്ത് ആറുമുഖനോട് പ്രാർത്ഥിക്കും. നാളെ ഓരോ ബി.ജെ.പിക്കാരുടെയും വീടിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും. നാളെ മുതൽ ഡിഎംകെയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ ഞാൻ ചെരിപ്പിടില്ല. ഇതിന് ഒരു അവസാനമുണ്ടാകണം- ”അണ്ണാമലൈ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിഷേധത്തിന്റെ പേരിൽ നേരത്തെ ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജനെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ബലാത്സംഗത്തിന് ഇരയായത്. 37-കാരനായ പ്രതി ക്യാമ്പസിലെത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു ഒപ്പമുണ്ടായിരുന്ന നാലാം വർഷ പുരുഷ വിദ്യാർത്ഥിയെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം.