ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ മൻമോഹൻ സിംഗിന്റെ വേർപാടിൽ വളരെയധികം ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
‘ധനമന്ത്രി ഉൾപ്പെടെ സർക്കാരിന്റെ വിവിധ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വർഷങ്ങളോളം നമ്മുടെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ എപ്പോഴും ദീർഘവീക്ഷണമുള്ളതായിരുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ വികാരാധീനനായാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചത്. സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയും കോടിക്കണത്തിന് ജനങ്ങളുടെ ജീവിതം അദ്ദേഹം മാറ്റിമാറിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പിലൂടെ പറഞ്ഞു.