ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് അല്ലു അർജുൻ ചിത്രം പുഷ്പ-2. ആഗോള ബോക്സോഫീസ് കണക്കുകൾ പ്രകാരം 1,705 കോടിയാണ് ചിത്രം നേടിയത്. ലോകമെമ്പാടും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് 21 ദിവസം കൊണ്ടാണ് കളക്ഷനിൽ 1,700 കോടിയിലധികം രൂപ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യൽമീഡിയയിലൂടെ ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചത്. പുഷ്പ-2 ന്റെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
റിലീസ് ചെയ്ത് ആറാം ദിവസം ചിത്രം 1,000 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രം നേടിയതെങ്കിലും ബോക്സോഫീസിൽ കുതിപ്പ് തുടർന്നിരുന്നു. സന്ധ്യ തിയേറ്ററിൽ ചിത്രത്തിന്റെ ആദ്യ ഷോയ്‌ക്കിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവവും പിന്നീടുണ്ടായ കേസും ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു ആരാധകരും അണിയറപ്രവർത്തകരും. എന്നാൽ ഓരോ ദിവസം കഴിയുമ്പോഴും കളക്ഷനിൽ മുന്നേറുകയാണ് പുഷ്പ- 2.
അയൽ രാജ്യത്തും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. നേപ്പാളിൽ 20 ദിവസം കൊണ്ട് 24. 75 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം നേപ്പാളിൽ ഇത്രയും വലിയ കളക്ഷൻ നേടുന്നത്.