ന്യൂഡൽഹി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച് ആർഎസ്എസ്. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഷ്‌ട്രീയ സ്വയംസേവക സംഘം അനുശോചനം അറിയിച്ചത്. സാമ്പത്തിക വിദഗ്ധനെന്ന നിലയിൽ മൻമോഹൻ സിംഗ് ഭാരതത്തിന് നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടുമെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ സംയുക്തമായി കുറിച്ചു.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായ ഡോ. സർദാർ മൻമോഹൻ സിംഗിന്റെ വേർപാടിൽ ഭാരതീയർ മുഴുവൻ ഇന്ന് അങ്ങേയറ്റം ദുഃഖിതരാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനങ്ങൾ അറിയിക്കുന്നു. സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ ഡോ. മൻമോഹൻ സിംഗ് ഭാരതത്തിന് നൽകിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. – ആർഎസ്എസ് രേഖപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവർ മൻമോഹൻ സിംഗിന്റെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. മൻമോഹൻ സിംഗിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി മോദി വസതിയിൽ നിന്ന് മടങ്ങിയത്.















