ന്യൂഡൽഹി: തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യയുടെ ബാഡ്മിന്റൺ താരമായ പിവി സിന്ധുവും ഭർത്താവ് വെങ്കട്ട ദത്ത സായിയും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവാഹാഘോഷങ്ങൾക്ക് പിന്നാലെയാണ് നവദമ്പതികൾ ക്ഷേത്ര ദർശനത്തിനെത്തിയത്. ഡിസംബർ 22 ന് ഉദയ്‌പൂരിൽ നടന്ന പരമ്പരാഗത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ സിന്ധു പരമ്പരാഗത പട്ടുസാരിയിലാണ് വെങ്കട്ടയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള കുർത്തയാണ് വെങ്കട്ട ധരിച്ചിരിക്കുന്നത്. ദർശനത്തിനുശേഷം പുറത്തിറങ്ങിയ ദമ്പതികൾ കാത്തുനിന്ന മാദ്ധ്യമങ്ങളെയും അഭിസംബോധന ചെയ്തു.
പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറാണ് വെങ്കട്ട ദത്ത സായി. ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഹൽദി, മെഹന്ദി, സംഗീത്, ഉൾപ്പടെയുള്ള ചടങ്ങുകൾ 20 നു തന്നെ ആരംഭിച്ചിരുന്നു. വിവാഹാഘോഷത്തിന്റെ ചിത്രങ്ങൾ സിന്ധു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
ഹൈദരാബാദ് സ്വദേശിയായ സിന്ധു, റിയോ ഒളിംപിക്സിലും ടോക്കിയോ ഒളിംപിക്സിലും രാജ്യത്തിനായി മെഡലുകൾ നേടി. സ്വർണമുൾപ്പടെ അഞ്ച് ചാമ്പ്യൻഷിപ്പ് മെഡലുകൾ സിന്ധുവിന്റെ പേരിലുണ്ട്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ഈ വർഷത്തെ സയ്യിദ് മോദി ഇന്റർനാഷണലിൽ വനിതാ സിംഗിൾസ് കിരീടം നേടിയാണ് താരം വിജയ വഴിയിലേക്ക് തിരിച്ചുവന്നത്.
#WATCH | Tirumala, Andhra Pradesh | Badminton Player PV Sindhu, along with her husband businessman Venkata Datta Sai, offer prayers to Lord Venkateswara at Tirumala. pic.twitter.com/geqo3c5ft4
— ANI (@ANI) December 27, 2024